photo
കൊട്ടാരക്കരയിലെ ഹൈടെക് മാർക്കറ്റിന്റെ രൂപരേഖ

4.40 കോടി രൂപയുടെ പദ്ധതി

കൊല്ലം: കൊട്ടാരക്കര മാർക്കറ്റിന്റെ ശനിദശ മാറും. ഹൈടെക് മത്സ്യമാർക്കറ്റ് പദ്ധതിയ്ക്കായി 4.40 കോടി രൂപ അനുവദിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. തീർത്തും ശോചനീയ സ്ഥിതിയിലായിരുന്ന ചന്ത നവീകരിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് നടപ്പാക്കാൻ പോകുന്നത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെ മാർക്കറ്റ് നവീകരണത്തിനായുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയമിച്ചാണ് പദ്ധതി തയ്യാറാക്കിയത്. ചന്തമുക്കിലെ പഴയ മത്സ്യ മാർക്കറ്റ് പൊളിച്ച് നീക്കിയ ശേഷമാണ് പുതിയ മാർക്കറ്റ് സമുച്ചയം നിർമ്മിക്കുക.

കടമുറികളും വിശ്രമ ഇടങ്ങളും

താഴത്തെ നിലയിൽ 33 കടമുറികൾ നിർമ്മിക്കും. ഇറച്ചി തയ്യാറാക്കുന്ന എട്ട് കേന്ദ്രങ്ങളും വിശ്രമ മുറികളും ടോയ്ലറ്റുകളും അവിടെ ക്രമീകരിക്കും. ഒന്നാം നിലയിൽ 19 മത്സ്യ സ്റ്റാളുകൾ, 12 ഉണക്കമത്സ്യ വിപണന സ്റ്റാളുകൾ, 28 കടമുറികൾ എന്നിവയുണ്ടാകും. പ്രിപ്പറേഷൻ റൂം, ചിൽ റൂം എന്നിവയും അനുബന്ധമായുണ്ടാകും. മാലിന്യ സംസ്കരണത്തിന് ആധുനിക സംവിധാനങ്ങൾ ഉണ്ടാക്കും. മത്സ്യം വിപണനത്തിന് തയ്യാറാക്കുന്ന റാക്കുകളെല്ലാം സ്റ്റെയിൻലസ് സ്റ്റീലിലാണ് നിർമ്മിക്കുക.

വഴികൾ ക്രമീകരിക്കും

മാർക്കറ്റിലേക്ക് പ്രവേശിക്കാനും തിരിച്ച് ഇറങ്ങാനുമായി വഴികൾ ക്രമീകരിക്കും. ഗേറ്റ് സ്ഥാപിച്ച് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കും. സമയം നിശ്ചയിച്ച് നൽകുന്നതിനാൽ ചന്തസമയം കഴിഞ്ഞാൽ പ്രവേശനം ഒഴിവാക്കും. സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനങ്ങളുമൊരുക്കും. നിരീക്ഷണ കാമറ സ്ഥാപിച്ച് പൊലീസ് സംവിധാനങ്ങളുമായി ബന്ധപ്പെടുത്തും.

ചന്ത അടിമുടി മാറും

സർക്കാർ കിഫ്ബി പദ്ധതികൾ പ്രഖ്യാപിച്ച സമയം മുതൽ കൊട്ടാരക്കര മത്സ്യ മാർക്കറ്റ് നവീകരിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തിവരികയാണ്. ഇപ്പോഴാണ് തുക അനുവദിച്ചുകിട്ടിയത്. ചന്തയെ അടിമുടി മാറ്റി ഹൈടെക് ആക്കും.

പി.ഐഷാപോറ്റി എം.എൽ.എ

ചന്തുമുക്കിന്റെ മുഖശ്രീ തെളിയും

ഹൈടെക് ചന്ത വരുന്നതോടെ നിലവിലുള്ള അസൗകര്യങ്ങൾ മാറും. വൃത്തിയും വെടിപ്പുമുള്ള ചന്തയാണ് ഇനി തയ്യാറാക്കുക. ചന്തമുക്കിന്റെ മുഖശ്രീ തെളിയും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.(എ.ഷാജു, നഗരസഭ ചെയർമാൻ)