boat

 കൊല്ലം തോട്ടിലൂടെ യാത്രാബോട്ട് വേണമെന്ന് ആവശ്യം

കൊല്ലം: നവീകരിച്ച കൊല്ലം തോട്ടിലൂടെ യാത്രാബോട്ട് സർവീസിന് സാദ്ധ്യതയേറുന്നു. തോട് കടന്നുപോകുന്ന മേഖലകളിലധികവും സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസ് സർവീസുകളില്ലാത്ത മേഖലയാണ്. ജലഗതാഗതവകുപ്പിന്റെ സർവീസുകൾക്ക് യാത്രാനിരക്ക് കുറവാണെന്നതും യാത്രക്കാരെ ആകർഷിക്കുന്ന ഘടകമാണ്. സർവീസ് ബോട്ട് വേണമെന്ന ആവശ്യം പലകോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

പരവൂർ മുതൽ കൊല്ലം വരെയുള്ള ഭാഗത്ത് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയാലും വിജയകരമാകുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. പരവൂരിൽ നിന്ന് സർവീസ് ആരംഭിച്ചാൽ താന്നി, മയ്യനാട്, ഇരവിപുരം, മുണ്ടക്കൽ, ബീച്ച്, പള്ളിത്തോട്ടം എന്നിവിടങ്ങളിലൂടെ ലക്ഷ്മിനട, കൊല്ലം എന്നിവിടങ്ങളിൽ വളരെവേഗം എത്താൻ കഴിയും.

ഒരുമണിക്കൂറിലേറെ റോഡ് മാർഗം യാത്രയ്ക്ക് വേണ്ടപ്പോൾ കൊല്ലം തോടുവഴി മുപ്പത് മുതൽ നാല്പത് മിനിറ്റ് മതിയാകും. സർവീസ് കൊല്ലം ബോട്ടുജെട്ടിയിൽ അവസാനിപ്പിക്കാതെ തോപ്പിൽകടവിലേക്ക് നീട്ടിയാൽ കളക്ടറേറ്റ്, കോടതി ജീവനക്കാരെ കൂടി ജലഗതാഗതത്തിലേക്ക് ആകർഷിക്കാൻ കഴിയും.

 തെളിയുന്നത് വൻ സാദ്ധ്യത

നിലവിൽ പള്ളിത്തോട്ടം, മുണ്ടയ്ക്കൽ എന്നിവിടങ്ങളിൽ മാത്രമാണ് ബോട്ടുജെട്ടികൾ ഇല്ലാത്തത്. ടൂറിസം സാദ്ധ്യത മുന്നിൽ കണ്ട് വർഷങ്ങൾക്ക് മുന്നേ പരവൂർ കായലിലും താന്നിയിലും ബോട്ടുജെട്ടികൾ നിർമ്മിച്ചിരുന്നു. ഇവ ഉപയോഗപ്പെടുത്തി സർവീസ് ആരംഭിക്കുന്നതിന് അധികൃതർ മനസുവച്ചാൽ മതിയാകും. കൊല്ലം തോട്ടിലൂടെയുള്ള യാത്രാബോട്ടുകൾ ഭാവിയിൽ വർക്കലയിലേക്കും മറ്റും നീട്ടുമ്പോൾ ടൂറിസം, തീർത്ഥാടന യാത്രകൾക്കും വൻ സാദ്ധ്യതയാണ് തെളിയുന്നത്.

 കൊല്ലം -പരവൂർ

ദൂരം: 10 കിലോമീറ്റർ
യാത്രാ സമയം: 30 - 40 മിനിറ്റ്
യാത്രാ ബോട്ടിന്റെ മിനിമം ചാർജ്: 6 രൂപ