നിർമ്മാണം നിലച്ചിട്ട് ഒരുവർഷം
കൊല്ലം: ചിന്നക്കട ക്ളോക്ക് ടവറിന് സമീപം നഗരസഭ നിർമ്മിക്കുന്ന 'അമിനിറ്റി സെന്റർ' കോൺക്രീറ്റ് കെട്ടുകൾ മാത്രമായി ഒതുങ്ങി. നിർമ്മാണം നിലച്ച് ഒരുവർഷം പിന്നിട്ടിട്ടും തുടർനടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
ചിന്നക്കട മേൽപ്പാലത്തിൽ നിന്ന് ക്ളോക്ക് ടവറിന് സമീപത്തെ റോഡിലേക്ക് ഇറങ്ങുന്നതിനുള്ള പടവുകളും രണ്ടുനിലകളിലായി സ്ത്രീ സൗഹൃദ അമിനിറ്റി സെന്ററും നിർമ്മിക്കാനായിരുന്നു നഗരസഭയുടെ പദ്ധതി. പദ്ധതിക്കായി ഒരുകോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. 2019 ആഗസ്റ്റിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പലകാരണങ്ങളാൽ നിർമ്മാണം ഇഴഞ്ഞുനീങ്ങി.
പിന്നീട് നവംബർ പകുതിയോടെ നിറുത്തിവച്ച പണികൾ കൊവിഡ് മൂലം പുനരാരംഭിക്കാൻ കഴിഞ്ഞതുമില്ല. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയിട്ടും നിർമ്മാണം ആരംഭിക്കാൻ വേണ്ട ഇടപെടലുകൾ അധികൃതർ നടത്തുന്നില്ല.
ദീർഘദൂര യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം
നഗരത്തിലെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമിനിറ്റി സെന്റർ നിർമ്മാണം ആരംഭിച്ചത്. പൂർത്തിയായ ശേഷം സർക്കാർ അല്ലെങ്കിൽ സ്വകാര്യ ഏജൻസികൾക്ക് നടത്തിപ്പവകാശം നൽകാനും തീരുമാനമുണ്ടായിരുന്നു.
കേന്ദ്രത്തിലുണ്ടാകും..
1. പൊതു ടോയ്ലെറ്റ്
2. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം ടോയ്ലെറ്റ്, വിശ്രമകേന്ദ്രം
3. ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമമുറികൾ
4. നാപ്കിൻ വെൻഡിംഗ് മെഷീൻ
5. അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യം
6. പ്രഥമശുശ്രൂഷാ സംവിധാനം
7. കഫെറ്റീരിയ
8. എ.ടി.എം