
ബ്രാൻഡഡ് ഉത്പന്നങ്ങളിൽ കീടനാശിനി
കൊല്ലം: ജില്ലയിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ സർവതിലും മായം!. പ്രധാന ബ്രാൻഡഡ് ഉത്പന്നങ്ങളിൽ പോലും കീടനാശിനിയുടെ അംശം കണ്ടെത്തിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി.
ജനുവരി വരെ കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സാമ്പിളുകളിലാണ് മായം കണ്ടെത്തിയത്.
മല്ലിപ്പൊടി, മുളക് പൊടി, കേക്ക്, ചപ്പാത്തി, ചിപ്‌സ്, വെളിച്ചെണ്ണ, കുപ്പിവെള്ളം എന്നിവയിലാണ് കൂടുതലായും മായം കണ്ടെത്തിയത്. അനുവദനീയമായ അളവിലും മേലെയാണ് കീടനാശിയുടെയും രാസവസ്തുക്കളുടെയും സാന്നിദ്ധ്യം. ഇത്തരത്തിൽ 23 സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.
നിലവാരമില്ലാത്ത ഉത്പന്നങ്ങളിൽ മുന്നിൽ വെളിച്ചെണ്ണയാണ്. ഇത്തരത്തിൽ 14 കേസുകളാണ് എടുത്തിട്ടുള്ളത്. മോശം കുപ്പിവെള്ളത്തിൽ പൂപ്പലാണ് കണ്ടെത്തിയത്. ബ്രാൻഡ് പേര് തെറ്റായി ഉപയോഗിച്ചുള്ള വിൽപനയിൽ എട്ട് കേസുകളെടുത്തിട്ടുണ്ട്.
നശിപ്പിച്ച മീൻ 54.53 ടൺ
പത്ത് മാസത്തിനുള്ളിൽ 54.53 ടൺ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ജില്ലയിലെ എല്ലായിടത്തുനിന്നും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തിട്ടുണ്ട്. മത്സ്യം സൂക്ഷിക്കാൻ കീടനാശിനി മുതൽ നിരോധിത മരുന്നുകൾ വരെ ഉപയോഗിക്കുന്നുണ്ട്. ചൂര, ചെങ്കലവ, സി.ഡി കാരൽ, നെയ്മീൻ തുടങ്ങിയ മത്സ്യങ്ങളിലാണ് മായം കൂടുതൽ. മത്തി, അയല എന്നിവയിൽ മായം കുറവാണ്.
ആകെ പരിശോധന: 3,774
കാലയളവ്: 2020 ഏപ്രിൽ - 2021 ജനുവരി
കേസുകൾ: 475
വലിയ കുറ്റങ്ങൾ: 150
മൊത്തം പിഴ: 8.38 ലക്ഷം
മത്സ്യപരിശോധന: 1,669
നശിപ്പിച്ച മത്സ്യം: 54.53 ടൺ
''
ഭക്ഷ്യ സുരക്ഷാ ചട്ടം പാലിക്കാത്ത ഉത്പന്നങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. കർശന പരിശോധന തുടരും.
പി.ബി. ദിലീപ്
ഭക്ഷ്യസുരക്ഷാ ഓഫീസർ