indraj

കൊല്ലം: അയലത്തെ വീട്ടിലെ കൂട്ടുകാർക്ക് രണ്ടാം ക്ലാസുകാരൻ ഇന്ദ്രജ് ദേവിനെ കൂടുതൽ നേരം കളിക്കാൻ കിട്ടില്ല. കളിക്കിടയിൽ ഇന്ദ്രജ് വീടിന് പിന്നാമ്പുറത്തെ കൃഷിത്തോട്ടത്തിലേക്ക് ഓടും. പച്ചക്കറികൾക്ക് വെള്ളമൊഴിക്കും. ഒരോ ചെടിയിലും പൂവുകൾ മൊട്ടിടുന്നതും കായാകുന്നതും നോക്കും. വിളയുന്ന കായ്കൾ നുള്ളി അമ്മയെ ഏൽപ്പിക്കും. ഈ കൊച്ചുമിടുക്കനാണ് കൃഷി വകുപ്പിന്റെ ജില്ലയിലെ ഏറ്റവും മികച്ച മൂന്നാമത്തെ കുട്ടിക‌ർഷകൻ.

മൂന്നര വയസുള്ളപ്പോൾ ബന്ധുവീട്ടിൽ നിന്ന് കിട്ടിയ മുളക് വിത്ത് മുളപ്പിച്ചതാണ് കൃഷിയിൽ ഇന്ദ്രജ് ദേവിന്റെ ആദ്യപാഠം. പാളയംകുന്ന് ഗവ. സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ച അപ്പൂപ്പൻ എൻ. സുരേന്ദ്രനായിരുന്നു ഉപദേശകൻ. പിന്നീട് അപ്പൂപ്പൻ തടമൊരുക്കുന്നതും കൊച്ചുമകൻ വിത്തുപാകി മുളപ്പിച്ച് വെള്ളമൊഴിച്ച് വളർത്തുന്നതും പതിവായി. ഇടയ്ക്ക് അപ്പൂപ്പൻ യാത്രയായെങ്കിലും ഇന്ദ്രജ് ദേവ് ചെടികളോടുള്ള കൂട്ട് ഉപേക്ഷിച്ചില്ല. ഇപ്പോൾ വീടിന് പിന്നിൽ വെണ്ടയും വഴുതനയും ചീരയും തക്കാളിയും പടവലും മത്തനും കോളിഫ്ലവറുമൊക്കെ ഗ്രോ ബാഗുകളിൽ വളർന്നുനിൽക്കുന്നു.

വീട്ടിലെത്തുന്ന അതിഥികളെ ഇന്ദ്രജ് ദേവ് കൃഷിത്തോട്ടത്തിലേയ്ക്ക് ക്ഷണിക്കുക മാത്രമല്ല,​ പോകുമ്പോൾ സമ്മാനമായി വെണ്ടയും പയറും തക്കാളിയുമൊക്കെ പൊതിഞ്ഞുനൽകും. പാരിപ്പള്ളി കരിമ്പാലൂർ റാണി ഭവനിൽ ഹെൽത്ത് ഇൻസ്പെക്ടറായ വിനോദ് ബാബുവിന്റെയും റാണിയുടെയും മകനാണ്. പാരിപ്പള്ളി ഗവ. എൽ.പി.എസിലെ വിദ്യാർത്ഥിയായ ഇന്ദ്രജ് ദേവ് പഠനത്തിലും മിടുക്കനാണ്. കഴിഞ്ഞവർഷം കല്ലുവാതുക്കൽ പഞ്ചായത്തിലെ മികച്ച കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി സംഘടനകളും ആദരിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ ജില്ലയിലെ കുട്ടികർഷക അവാർഡ് ലഭിച്ച മറ്റ് രണ്ടുപേർ ഹൈസ്കൂൾ വിദ്യാർത്ഥികളാണ്.