പുനലൂർ: അച്ചൻകോവിലിൽ ഇനി മുടങ്ങാതെ വൈദ്യുതിയെത്തും. വൈദ്യുതി തടസം ഒഴിവാക്കാൻ ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കാൻ വനം വകുപ്പ് പ്രത്യേക അനുമതി നൽകിയതായി മന്ത്രി കെ.രാജു അറിയിച്ചു.അച്ചൻകോവിൽ മുതൽ താഴെതോട്ടം ഹരിജൻ കോളനി വരെയുളള വനഭൂമിയിലൂടെയാണ് ഭൂഗർഭ കേബിൾ ലൈൻ സ്ഥാപിക്കുന്നത്.
1.78 കോടി ചെലവിൽ ദ്യുതി
1.78 കോടി രൂപ ചെവഴിച്ചാകും കേബിൾ ലൈൻ സ്ഥാപിക്കുന്നത്.സർക്കാരുംകെ.എസ്.ഇ.ബിയും സംയുക്തമായി നടപ്പാപ്പാക്കുന്ന ദ്യുതി-2021 പദ്ധതിയിലൂടെയാണ് അച്ചൻകോവിലിലും വൈദ്യുതിയെത്തുന്നത്.തടസ രഹിത,ഗുണ നിലവാരമുള്ള വൈദ്യുതി ഭൂഗർഭ കേബിൾ വഴി എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വന മേഖലയായ അച്ചൻകോവിൽ വനത്തിലൂടെകടന്ന് പോകുന്ന 11 കെ..വി.വൈദ്യുതി ലൈനുകളിൽ മര ശിഖരങ്ങളും മറ്റും വീഴുന്നത് കാരണം വൈദ്യുതി മുടക്കം പതിവ് സംഭവമായി മാറുകയായിരുന്നു. ഇതിന് ശാശ്വത പരിഹാരം കാണാനാണ് പദ്ധതിയുടെ ഭാഗമായി ഭൂഗഭ കേബിൾ സ്ഥാപിക്കാൻ കൊല്ലത്ത് നടന്ന അദാലത്തിൽ പരിഹാരമായത്.
മൂന്ന് മുക്ക് മുതൽ അച്ചൻകോവിൽ വരെ
അച്ചൻകോവിലിന് സമീപത്തെ താഴെതോട്ടം മുതൽ മൂന്ന് മുക്ക് വരെയുളള 11കെ.വി.വൈദ്യുതി ലൈനിന് പകരം7.7കിലോമീറ്റർ ദൂരത്തിലാണ് ഭൂമിക്ക് അടിയിലൂടെ കേബിൾ സ്ഥാപിക്കുന്നത്. മൂന്ന് മുക്ക് മുതൽ അച്ചൻകോവിൽ വരെയുളള 500മീറ്റർ ഭാഗത്ത് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്നതിനാണ് അനുമതി നൽകിയതെന്നും മന്ത്രി അറിയിച്ചു.
നിർമ്മാണോദ്ഘാടനം ഇന്ന്
ഭൂഗർഭ വൈദ്യുതി കേബിൾ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി കെ.രാജു നിർവഹിക്കും. അച്ചൻകോവിൽ ഗവ.എൽ.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് അദ്ധ്യക്ഷത വഹിക്കും.എൻ.കെ.പ്രേമചന്ദ്രൻ എം.പി.മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് അംഗം കെ.അനിൽകുമാർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, വാർഡ് അംഗളങ്ങളായ സീമ സന്തോഷ്, സാനു ധർമ്മരാജൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് അച്ചൻകോവിൽ സുരേഷ് ബാബു,കെ.എസ്.ഇ..ബി.ഡെപ്യൂട്ടി ചീഫ് എൻജിനീയർ സി.എസ്.സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിക്കും