പരിഹാരം കാണുമെന്ന് ചെന്നിത്തല
കൊല്ലം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയുടെ ഭാഗമായി കൊല്ലം ബീച്ച് ഹോട്ടലിൽ നടത്തിയ സംവാദത്തിൽ തുറമുഖം മുതൽ വ്യാപാരനികുതിവരെയുള്ള നിരവധി വിഷയങ്ങൾ ചർച്ചയായി.
വ്യവസായ, ടൂറിസം മേഖലയിലും ജില്ലയിൽ മുഴുവൻ വികസനത്തിനും വഴിവയ്ക്കുന്ന കൊല്ലം തുറമുഖം എമിഗ്രേഷൻ നടപടിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കാനായില്ലെന്നും ഇതിന് യു.ഡി.എഫ് മുൻ കൈയ്യെടുക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
സാഹിത്യ അക്കാദമിയിലെ അഴിമതികൾ ഉയർത്തിക്കാട്ടി പ്രമുഖ എഴുത്തുകാർ മുന്നോട്ടുവന്നു. ആരോഗ്യരംഗത്തെ സമഗ്രമാറ്റത്തിന് പൊതു - സ്വകാര്യ പങ്കാളിത്തം യാഥാർത്ഥ്യമാക്കണമെന്നും തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്നും നിർദ്ദേശം ഉയർന്നു. വ്യാപാരികൾക്കുള്ള നികുതിയുടെ കാര്യത്തിൽ കൃത്യമായ പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് മുൻകൈയെടുക്കണമെന്ന് വ്യാപാരി പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഹൈടെക് നിലവാരത്തിലുയർത്തിയെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത കശുഅണ്ടി ഫാക്ടറികൾ സ്ത്രീസൗഹൃദമല്ലെന്ന് കശുഅണ്ടി തൊഴിലാളി ചൂണ്ടിക്കാട്ടി. ഉന്നയിച്ച വിഷയങ്ങളിൽ അധികാരത്തിലെത്തിയാൽ പരിഗണിക്കുമെന്ന് പ്രതിപക്ഷനേതാവ് മറുപടി നൽകി.
കായികതാരങ്ങൾക്ക് സൈക്കിൾ
ജില്ലയിൽ നിന്ന് അന്തർദേശീയ സൈക്കിളിംഗിൽ മത്സരിക്കുന്ന പതിമൂന്ന് താരങ്ങൾ കടം വാങ്ങിയ സൈക്കിളുകളിലാണ് പരിശീലനം നടത്തുന്നതെന്ന് കായികതാരം ഗീത ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കോൺഗ്രസിന്റെ ഗാന്ധിഗ്രാം ഫണ്ടിൽ നിന്ന് അൻപതിനായിരം രൂപ വീതം സൈക്കിൾ വാങ്ങുന്നതിന് ഉടൻ അനുവദിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. അധികാരത്തിലെത്തിയാൽ പഞ്ചായത്ത് തലത്തിൽ സ്റ്റേഡിയങ്ങൾ ർമ്മിക്കുമെന്നും കായികതാരങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.