
കൊല്ലം: ബന്ധുവായ യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ ഒൻപത്
വർഷം തടവിനും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. മൺറോത്തുരുത്ത് വില്ലിമംഗലം ബിനു ഭവനിൽ ബിനു രാജിനെയാണ് (29) കൊല്ലം പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്‌ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.
പ്രതിയും പ്രതിയുടെ പിതാവായ ദേവരാജനും ചേർന്ന് മൺറോത്തുരുത്ത് നെന്മേനി മണപ്പുറത്ത് വീട്ടിൽ ഷൈലജയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. രണ്ടാം പ്രതി ദേവരാജൻ വിചാരണ നടക്കുന്നതിനിടെ മരണപ്പെട്ടിരുന്നു.
2014 മേയിലായിരുന്നു സംഭവം. മൺറോത്തുരുത്ത് കാരൂത്രക്കടവിലെ പഞ്ചായത്ത് കോംപ്ലക്‌സിലുള്ള പാൽ സൊസൈറ്റിക്ക് മുന്നിലായിരുന്നു സംഭവം. കൊച്ചച്ഛനായ ദേവരാജനും മകൻ ബിനുരാജും ചേർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പാൽസൊസൈറ്റി ഹെൽപ്പറായിരുന്ന ഷൈലജയെ ബിനുരാജ് കമ്പിവടികൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഷൈലജയോട് പ്രതികൾ സ്വർണവും പണവും ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നായിരുന്നു പ്രോസി
ക്യൂഷൻ വാദം.