c
ഐശ്വര്യ കേരള യാത്രയ്ക്ക് കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ചക്കുവള്ളിയിൽ നൽകിയ സ്വീകരണത്തിൽ രമേശ് ചെന്നിത്തല സംസാരിക്കുന്നു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, ഡി.സി.സി പ്രസിഡന്റ്‌ ബിന്ദുകൃഷ്ണ തുടങ്ങിയവർ സമീപം

കുന്നത്തൂരിൽ ഉല്ലാസ് കോവൂർ യു.ഡി.എഫ് സ്ഥാനാർത്ഥി

ശാസ്താംകോട്ട: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ പുന:പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകരോട് കാട്ടുന്ന അതേ നിലപാട് തന്നെയാണ് ചർച്ചയ്ക്ക് തയ്യാറാകാത്ത കേരളസർക്കാർ സമരം ചെയ്യുന്ന ഉദ്യാഗാർത്ഥികളോടും കാണിക്കുന്നത്. നവോത്ഥാന നായകന്റെ കപട വേഷമണിഞ്ഞ മുഖ്യമന്ത്രി ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഐശ്വര്യ കേരള യാത്രയ്ക്ക് കുന്നത്തൂരിലെ ചക്കുവള്ളിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.പിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ ഉല്ലാസ് കോവൂരിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സ്വീകരണ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗോകുലം അനിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, എ.എ. അസീസ്, ഷിബു ബേബി ജോൺ, ആർ. ചന്ദ്രശേഖരൻ, ബിന്ദുകൃഷ്ണ, കെ.എസ്. ഹംസ, ദേവരാജൻ, ഉല്ലാസ് കോവൂർ, ബിജു മൈനാഗപ്പള്ളി, സെബാസ്റ്റ്യൻ, കെ.സി. രാജൻ, രാജേന്ദ്രപ്രസാദ്, എം.വി. ശശികുമാരൻ നായർ, തുണ്ടിൽ നൗഷാദ്, സുകുമാരപിള്ള, തോപ്പിൽ ജമാൽ, വൈ. ഷാജഹാൻ, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, പി.കെ. രവി തുടങ്ങിയവർ പങ്കെടുത്തു.