ഇരമ്പിയാർത്ത് പീരങ്കി മൈതാനം
കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരളയാത്ര നഗരത്തെ ഉത്സവലഹരിയിലാഴ്ത്തി. ഉച്ചകഴിഞ്ഞപ്പോൾ തന്നെ പ്രവർത്തകർ സ്വീകരണ കേന്ദ്രമായ പീരങ്കി മൈതാനത്തേക്ക് ഒഴുകിയെത്തി.
ചവറയിലെ സ്വീകരണ കേന്ദ്രത്തിൽ നിന്ന് രാമൻകുളങ്ങരയിൽ എത്തിയ രമേശ് ചെന്നിത്തല തുറന്ന വാഹനത്തിലാണ് പീരങ്കി മൈതാനത്തേക്ക് എത്തിയത്. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങൾ ജാഥ ക്യാപ്ടന് അകമ്പടിയായി പിന്നാലെ സഞ്ചരിച്ചു. വഴിവക്കിൽ കാത്തുനിന്ന ജനങ്ങളെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു. നിശ്ചയിച്ചതിനെക്കാൾ മണിക്കൂറുകൾ വൈകിയാണ് ജാഥനായകൻ എത്തിയതെങ്കിലും പീരങ്കി മൈതാനം ഇരമ്പിയാർത്തു. തുറന്ന വാഹനത്തിൽ നിന്ന് അദ്ദേഹത്തെ തോളിലേറ്റിയാണ് വേദിയിലേക്ക് എത്തിച്ചത്. പിന്നീട് പുഷ്പഹാരങ്ങളും കിരീടവും അണിയിച്ചു.
കേരളത്തിൽ യു.ഡിഎഫ് അധികാരത്തിലെത്തും: മല്ലികാർജ്ജുൻ ഖാർഗെ
കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6,000 രൂപ നൽകുന്ന രാഹുൽ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ 'ന്യായ്' നടപ്പിലാക്കുമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ജില്ലയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇന്നു കാണുന്ന എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പിലായത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോഴാണ്. സംസ്ഥാന സർക്കാർ സമസ്ത മേഖലകളിലും പരാജയമാണ്. കേരളത്തിൽ കൊവിഡ് അതിതീവ്രമായി പടരുകയാണ്. മരണസംഖ്യയും ഉയരുന്നു.
യു.പി.എ അധികാരത്തിലിരുന്നപ്പോൾ ക്രൂഡ് ഓയിൽ വില ബാരലിന് 114 രൂപയായും പെട്രോളിന് ലിറ്ററിന് 75 രൂപയുമായിരുന്നു. ഇപ്പോൾ ക്രൂഡ് ഓയിൽ വില 54 ആയി താഴ്ന്നപ്പോൾ പെട്രോൾ വില നൂറു രൂപയിലേക്ക് ഉയർന്നു. യു.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ ഇരിക്കുമ്പോൾ പെട്രോളിന്റെ വില വർദ്ധന പിടിച്ചുനിറുത്താൻ നികുതി വെട്ടിക്കുറച്ചിരുന്നു. എൽ.ഡി.എഫ് സർക്കാർ അതിന് തയ്യാറാകുന്നില്ല. മോദി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കുകയാണ്. തൊഴിലാളികൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷയായി. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, ആർ. ചന്ദ്രശേഖരൻ, ജി. ദേവരാജൻ, സി.പി. ജോൺ, പ്രതാപവർമ്മ തമ്പാൻ, ലതിക സുഭാഷ്, പി.സി. വിഷ്ണുനാഥ്, സൂരജ് രവി തുടങ്ങിയവർ സംസാരിച്ചു.