
മീറ്റർ പ്രവർത്തിക്കാത്തതിന് ഭീമമായതുക പിഴ
കൊല്ലം: മൂന്നുവർഷം മുൻപ് മീറ്റർ കൃത്യമായി പ്രവർത്തിച്ചില്ലെന്ന പേരിൽ ഭീമമായ തുക ഈടാക്കാൻ വൈദ്യുതി വകുപ്പ്. പത്തുമാസത്തിലധികം മീറ്റർ പ്രവർത്തിച്ചില്ലെന്നാണ് തുക ഈടാക്കാൻ നൽകിയ നോട്ടീസിൽ സൂചിപ്പിക്കുന്നത്. ദ്വൈമാസ ബില്ലുകളിൽ ശരാശരി ആയിരം രൂപവരെയാകുന്ന ഉപഭോക്താക്കൾക്ക് ഇതിന്റെ പേരിൽ എണ്ണായിരത്തിലധികം രൂപ ഈടാക്കാനാണ് നോട്ടീസ്. മുപ്പത് ദിവസത്തിനകം തുക അടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ജില്ലയിലെ മിക്ക സെക്ഷൻ ഓഫീസ് പരിധികളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. 2018-2019 ലെ ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്നാണ് നോട്ടീസ് നൽകുന്നതെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. കൊല്ലം റീജിയണൽ ഓഡിറ്റ് ഓഫീസറുടെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബിൽ തുക പുനർനിർണയം ചെയ്യുന്നതിന്റെ ഭാഗമായാണ് തുക ഈടാക്കുന്നത്. എന്നാൽ മീറ്റർ കേടായ കാലഘട്ടം മൂന്ന് വർഷത്തിനിപ്പുറം കണക്കുകൂട്ടുന്നതിന്റെ സാങ്കേതികത്വം എന്താണാണെന്നാണ് ഉപഭോക്താക്കളുടെ ചോദ്യം.
തുക തവണകളായി അടയ്ക്കാം
ഇപ്പോൾ നൽകിയിരിക്കുന്ന നോട്ടീസ് പ്രകാരം തുക ഒഴിവാക്കാനോ കുറയ്ക്കാനോ സെക്ഷൻ ഓഫീസുകൾക്ക് അധികാരമില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കുന്നത്. അതാത് സെക്ഷൻ ഓഫീസുകളിൽ അപേക്ഷ നൽകിയാൽ തുക തവണകളായി അടയ്ക്കാൻ സൗകര്യം നൽകും.
"
പ്രതിസന്ധികൾക്കിടയിൽ നോട്ടീസ് നൽകിയത് ഇരുട്ടടിയാണ്. മൂന്നുവർഷം മുൻപ് മീറ്റർ പ്രവർത്തിക്കാതിരുന്നതിന്റെ പേരിൽ ഇപ്പോൾ നടപടി സ്വീകരിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം.
ഉപഭോക്താക്കൾ