drug

 ട്രെയിനുകൾക്ക് നേരെ കല്ലേറും പതിവ്


കൊല്ലം: രാത്രികാലങ്ങളിൽ പെരുമൺ റെയിൽവേ പാലം കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ സജീവമാകുന്നതായി പരാതി. സ്വകാര്യത നിലനിറുത്താമെന്നതും പൊലീസ് എത്തുന്നത് ദൂരെനിന്ന് മനസിലാക്കാമെന്നതുമാണ് ഇത്തരക്കാർ ഇവിടെ തമ്പടിക്കാൻ കാരണം. യുവാക്കളുടെ നേതൃത്വത്തിൽ ഇവിടം കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപ്പനയും സജീവമാണ്. പ്രദേശവാസികളായ ചിലരുടെ ഒത്താശയോടെയാണ് ഇവരുടെ പ്രവർത്തനമെന്നതിനാൽ ഭയംമൂലം ആരും പ്രതികരിക്കാനോ പരാതിപ്പെടാനോ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

പെരുമൺ -പേഴുംതുരുത്ത് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ജങ്കാർ അടുക്കുന്നത് ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റിയിരുന്നു. ഇതോടെ പെരുമണിൽ ബസിറങ്ങി പേഴുംതുരുത്തിലേക്ക് നടന്നുപോകുന്നവരുടെ എണ്ണം കൂടുതലായതോടെയാണ് ഇവരുടെ സാന്നിദ്ധ്യം പലരുടെയും ശ്രദ്ധയിൽപ്പെട്ടത്.

ചോദ്യം ചെയ്യുന്നവർക്ക് നേരെ ഇവർ ആക്രമണത്തിന് മുതിരുന്നതായും പാലത്തിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾക്ക് നേരെ അശ്ളീല ചുവ കലർന്ന വാക്കുകൾ ഉപയോഗിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് നേരെ ഇവർ കല്ലുകൾ എറിയുന്നതും പതിവാണ്. പെരുമൺ റയിൽവേ പാലത്തിലും കായൽത്തീരങ്ങൾ കേന്ദ്രീകരിച്ചും പൊലീസ്, എക്സൈസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.