
കൊല്ലം: മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തിലാണ് ഇന്ദ്രജ് ദേവ് മണ്ണിൽ പൊന്നുവിളയിച്ചത്. ആദ്യമൊക്കെ മറ്റുള്ളവർ വിശ്വസിച്ചിരുന്നില്ല. ഇത്ര ചെറുപ്പത്തിലേ കൃഷി ചെയ്യാൻ കഴിയുമോ? ഇന്ദ്രജിന്റെ വീട്ടിലെത്തിയവരെല്ലാം ആ സത്യം വിശ്വസിക്കേണ്ടി വന്നു. ഇവൻ കുട്ടിക്കർഷകനല്ല, ശരിയ്ക്കും മികച്ച കർഷകൻ തന്നെ! പുഞ്ചിരിയോടെ കൃഷിയിടത്തിൽ നിന്ന് മടങ്ങിയവരുടെയെല്ലാം കൈകളിൽ ഇന്ദ്രജ് നൽകിയ സമ്മാനങ്ങളുമുണ്ടാകും. ചീരയോ വെണ്ടയോ വഴുതനയോ ആയി ആ സമ്മാനപ്പട്ടിക നീളാറുണ്ട്.
കൊല്ലം ജില്ലയിലെ പാരിപ്പള്ളി കരിമ്പാലൂർ റാണി ഭവനിൽ ഹെൽത്ത് ഇൻസ്പെക്ടറായ വിനോദ് ബാബുവിന്റെയും റാണിയുടെയും മകനാണ് പാരിപ്പള്ളി ഗവ. എൽ.പി.എസിലെ വിദ്യാർത്ഥിയായ കുട്ടിക്കർഷകൻ ഇന്ദ്രജ് ദേവ് (7). പാരമ്പര്യമായി കൃഷിക്കാരാണ് കുടുംബം. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന മുത്തച്ഛൻ സുരേന്ദ്രൻ നല്ല കൃഷിക്കാരനായിരുന്നു. നെൽക്കൃഷിയടക്കം എല്ലാ കൃഷികളിലും സുരേന്ദ്രനും കൂടും. പാടത്തെ പണിക്കാർക്കൊപ്പം ഒരിക്കൽ സുരേന്ദ്രൻ ഇറങ്ങിയപ്പോൾ ഇന്ദ്രജിനും കൗതുകം.
ചെളിയിലേക്കിറങ്ങി വരമ്പ് പിടിക്കലിനായി അവനും കൂടി. കൈയിൽ ചെളികോരി വരമ്പത്തുവച്ചത് മറ്റ് തൊഴിലാളികൾക്കൊക്കെ രസാനുഭവമായി. പക്ഷെ, പിന്നെ എന്നും പണിക്കാർക്കൊപ്പം ഇന്ദ്രജുമുണ്ടായിരുന്നു. പൊള്ളുന്ന വെയിലൊന്നും ആ കുട്ടിക്കർഷകന് പ്രശ്നമായിരുന്നില്ല. ആദ്യം വെയിലത്തുള്ള പണിയെടുപ്പ് വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. അവർ വഴക്കുപറഞ്ഞിട്ടും അവൻ പണിസ്ഥലത്ത് നിന്ന് പോകാൻ തയ്യാറായില്ല. പിന്നീടാണ് വീടിനടുത്ത് ഒന്നര സെന്റ് സ്ഥലം അവന് കൃഷി ചെയ്യാനായി വീട്ടുകാർ ഒരുക്കി നൽകിയത്.
കളിയെക്കാളിഷ്ടം
പൂക്കളും കായ്കളും പറിച്ചുനടക്കേണ്ട പ്രായത്തിൽ ഇന്ദ്രജ് സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങി. മുത്തച്ഛന്റെ മരണത്തോടെ കൃഷിക്കാര്യത്തിൽ അച്ഛനും അമ്മയും ഇന്ദ്രജിനെ സഹായിക്കാനെത്തി. വെണ്ടയും തക്കാളിയും വഴുതനയുമടക്കം നാനാവിധ കൃഷികളും ഇന്ദ്രജിന്റെ കൃഷിത്തോട്ടത്തിൽ വിളഞ്ഞു. കൃഷി ഓഫീസറെത്തി വേണ്ട പരിശീലനവും വിത്തും വളവുമടക്കമുള്ള സംവിധാനങ്ങളും നൽകി. അതോടെ ഇന്ദ്രജ് നാട്ടിലെ അറിയപ്പെടുന്ന കുട്ടിക്കർഷകനായി മാറി. ഇത്ര ചെറിയ പ്രായത്തിൽ കൃഷി ചെയ്യാനുള്ള വൈദഗ്ദ്ധ്യം എങ്ങിനെ ലഭിച്ചുവെന്നത് എല്ലാർക്കും അതിശയമായി. ഓരോ കൃഷി രീതിയും പറഞ്ഞ് ബോദ്ധ്യപ്പെടുത്താനും കുട്ടിക്കർഷകൻ മികവ് കാട്ടിയപ്പോൾ കാണാനും കേൾക്കാനുമെത്തിയവരെല്ലാം മൂക്കത്ത് വിരൽവച്ചു. കൂട്ടുകാർക്കൊപ്പം കളിയ്ക്കാൻ പോകുന്നതിലും ഇന്ദ്രജിന് ഇഷ്ടം കൃഷിത്തോട്ടത്തിൽ ചെലവഴിക്കാനാണ്. ചെടികളോടാണ് കൂട്ട്. പൂക്കളോട് വർത്തമാനം പറഞ്ഞ് അവരങ്ങനെ ചങ്ങാതികളായി. അനുജൻ നാലുവയസുകാരനായ ഇന്ദ്രകാന്തും ഇടയ്ക്ക് ഒപ്പം കൂടും.
കുട്ടിക്കർഷക പുരസ്കാരം.
പാരിപ്പള്ളി കരിമ്പാലൂർ റാണി ഭവനിൽ ഹെൽത്ത് ഇൻസ്പെക്ടറായ വിനോദ് ബാബുവിന്റെയും റാണിയുടെയും മകനാണ് പാരിപ്പള്ളി ഗവ. എൽ.പി.എസിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥിയായ ഇന്ദ്രജ് ദേവ്. ഈ വർഷത്തെ മികച്ച കുട്ടിക്കർഷകനുള്ള ജില്ലാതല പുരസ്കാരത്തിന്റെ മൂന്നാം സ്ഥാനമാണ് ഈ കൊച്ചുമിടുക്കൻ സ്വന്തമാക്കിയത്. കൃഷി വകുപ്പിന്റെ ജില്ലയിലെ കുട്ടികർഷക അവാർഡ് ലഭിച്ച മറ്റ് രണ്ടുപേർ ഹൈസ്കൂൾ വിദ്യാർത്ഥികളാണ്.
മുളക് വിത്തിൽ തുടങ്ങി
ബന്ധുവീട്ടിൽ നിന്ന് കൊണ്ടുവന്ന മുളക് വിത്ത് നട്ട് കിളിർപ്പിച്ച് ഇന്ദ്രജ് പരിപാലിച്ചപ്പോഴാണ് അവനിലെ കർഷകനെ അച്ഛനമ്മമാർ തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും. പിന്നെ ഗ്രോ ബാഗുകളിൽ കൃഷി തുടങ്ങി. വെണ്ടയും പയറും ഇഞ്ചിയും ചീരയും മുളകും മത്തനുമൊക്കെ ഇന്ദ്രജ് നട്ടു. അമ്മ പറഞ്ഞുകൊടുത്ത പ്രകാരം തുളിസിയിലയും ഇരുവേലിയും അടങ്ങുന്ന പ്രകൃതിദത്ത കീടനാശിനിയാണ് ഉപയോഗിക്കുന്നത്. കുട്ടിക്കർഷകന്റെ വാർത്ത അറിഞ്ഞ് അന്ന് കല്ലുവാതുക്കൽ കൃഷി ഓഫീസറെത്തി പ്രോത്സാഹനവും കുട്ടിക്കർഷകനുള്ള പഞ്ചായത്തുതല പുരസ്കാരവും നൽകിയിരുന്നു.
കൃഷിയിടം സജീവം
വീടിന് പിന്നിലെ ഇന്ദ്രജ് ദേവിന്റെ കൃഷിയിടത്തിൽ ഇപ്പോൾ വെണ്ടയും വഴുതനയും ചീരയും തക്കാളിയും പടവലും മത്തനും കോളിഫ്ലവറുമൊക്കെ ഗ്രോ ബാഗുകളിൽ വളർന്നുനിൽക്കുന്നു. കൂട്ടുകാർക്ക് ഇന്ദ്രജിനെ കൂടുതൽ നേരം കളിക്കാൻ കിട്ടാറില്ല. കളിക്കിടയിൽ പച്ചക്കറികൾക്ക് വെള്ളമൊഴിക്കാൻ ഇന്ദ്രജ് വീടിന് പിന്നാമ്പുറത്തെ കൃഷിത്തോട്ടത്തിലേക്ക് ഓടുമത്രെ. ഒരോ ചെടിയിലും പൂവുകൾ മൊട്ടിടുന്നതും കായാകുന്നതും നോക്കും. വിളയുന്ന കായ്കൾ നുള്ളി അമ്മയെ ഏൽപ്പിക്കും. വീട്ടിലെത്തുന്ന അതിഥികളെ ഇന്ദ്രജ് ദേവ് കൃഷിത്തോട്ടത്തിലേയ്ക്ക് ക്ഷണിക്കുക മാത്രമല്ല, പോകുമ്പോൾ സമ്മാനമായി വെണ്ടയും പയറും തക്കാളിയുമൊക്കെ പൊതിഞ്ഞുനൽകും. പഠനത്തിലും മിടുക്കനാണ്.