
കൊല്ലം: മാതാ പിതാ ഗുരു ദൈവം എന്ന സങ്കൽപ്പത്തെ തല്ലിത്തകർക്കുകയാണ് പുതു തലമുറയിലെ ചിലർ. അച്ഛനെയും അമ്മയെയും മകൻ ഒരു വർഷമായി വീട്ടിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്നത് കണ്ടിട്ടും ആരോടും മിണ്ടാതിരുന്ന കൊല്ലത്തുകാർ സ്വയം ചിന്തിക്കേണ്ടത് ഇത്രമാത്രം, നാളെ നിങ്ങൾക്ക് ഈ ഗതി വന്നാൽ എന്തു ചെയ്യും.
പട്ടത്താനത്തിനടുത്തുള്ള ഒരു വീട്ടിൽ വയോധികരായ പ്രൊഫസറെയും ഭാര്യയെയും മുപ്പത്തിരണ്ടുകാരനായ മകനാണ് ഒരു വർഷമായി മർദ്ദിക്കുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ലാത്ത അയൽപക്കത്തുള്ള ഒരാളാണ് സഹികെട്ട് അമ്മയെത്തല്ലുന്ന സംഭവം വീഡിയോയിലാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇതോടെയാണ് മകൻ അറസ്റ്റിലായത്. അമ്മയെ മകളുടെ വീട്ടിലാക്കുകയും ചെയ്തു.
തുടർച്ചയായ മർദ്ദനമേറ്റ് അവശയായ വയോധിക അലറിവിളിക്കുന്നത് പട്ടത്താനത്ത് ഒരു കൊല്ലത്തോളം മുഴങ്ങിക്കേട്ടിട്ടും ആരും പുറംലോകത്തെ അറിയിക്കാത്തത് സാക്ഷര കേരളത്തിന് നാണക്കേടാണ്. ഈ വിവരം പൊലീസിനെയോ സ്ഥലത്തെ രാഷ്ട്രീയ - സാമൂഹിക പ്രവർത്തകരെയോ കൗൺസിലറെയോ അറിയിക്കേണ്ടത് സമീപവാസികളുടെ ബാദ്ധ്യതയാണ്.
അച്ഛന്റെ പെൻഷൻ കാശ് മദ്യപിക്കാനായി മകൻ പിടിച്ചുവാങ്ങാറായിരുന്നു പതിവ്. രാവിലെ തുടങ്ങുന്ന മദ്യപാനം രാത്രി വൈകുംവരെ തുടരും. പിന്നീട് അച്ഛനമ്മമാരെ തല്ലിച്ചതയ്ക്കും. ജീവിതകാലം മുഴുവൻ മക്കൾക്കായി കഷ്ടപ്പെട്ട് ഒടുവിൽ രോഗവും ദുരിതങ്ങളും പേറിക്കഴിയുന്നവരാണ് വാർദ്ധക്യം ബാധിച്ചവർ. അവരെ മനസറിഞ്ഞ് സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട മക്കൾ ഇത്തരത്തിൽ അക്രമം അഴിച്ചുവിടുന്നത് ആധുനിക ഉപഭോഗ സംസ്കാരത്തിന്റെ ബാക്കിപത്രമാണ്.
നമ്മളിൽ ഓരോരുത്തരിലും അച്ഛനും അമ്മയും മകനും മകളുമൊക്കെയുണ്ട്. ഞാൻ, എനിക്ക്, എന്റേത് എന്ന തരത്തിലുള്ള ചിന്തവിട്ട് സഹജീവികളോട് കരുണയോടെ പെരുമാറാൻ കഴിയുമ്പോഴാണ് നാം ശരിക്കുള്ള മനുഷ്യരാകുന്നത്.