
കൊല്ലം: വി. സാംബശിവനെന്ന വലിയ കാഥികനെ രാജ്യമെമ്പാടും അറിയും. എന്നാൽ സാംബശിവനെ അണിയറയിൽ ഒരുക്കിയത് അധികമാരും അറിയാത്ത ഭാര്യ സുഭദ്രയാണ്. അദ്ദേഹത്തിനൊപ്പം അപൂർവമായേ കഥാപ്രസംഗ സ്ഥലത്ത് എത്തിയിട്ടുള്ളുവെങ്കിലും അദ്ദേഹത്തിന്റെ കഥകളൊരുങ്ങുമ്പോഴെല്ലാം സുഭദ്രയ്ക്കും അതിൽ സ്ഥാനമുണ്ടായിരുന്നു.
കൊല്ലത്തെ വീടിനടുത്തുള്ള അമ്പലങ്ങളിൽ സാംബശിവൻ കഥപറയുമ്പോൾ അദ്ദേഹമറിയാതെ സുഭദ്ര സദസിലെത്തി കേൾക്കും. പിറ്റേന്ന് ഓരോന്നും എടുത്തുപറഞ്ഞ് വിമർശിക്കും. സാംബശിവൻ അവ ഗൗരവത്തോടെ പരിഗണിക്കുകയും ചെയ്യും. ഷേക്‌സ്‌പിയറിന്റെ അന്നാ കരീന നാടകം കഥാപ്രസംഗമാക്കാൻ സാംബശിവനെ ഏറ്റവും കൂടുതൽ സഹായിച്ചത് സുഭദ്രയായിരുന്നു. പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിലും കഥയിലെ കാതലായ ഭാഗങ്ങൾ ആകർഷകമാക്കുന്നതിലും ഏറെ സഹായിച്ചിട്ടുണ്ട്.
അന്നാ കരീനയുടെ കഥ പറയാൻ വർഷങ്ങളെടുത്താണ് സാംബശിവൻ ആസൂത്രണം നടത്തിയത്. ഈ സമയം സുഭദ്രയെ അന്നയെന്നാണ് വിളിച്ചിരുന്നതെന്ന് മകനും പ്രമുഖ കാഥികനുമായ വസന്തകുമാർ സാംബശിവൻ ഓർക്കുന്നു. വിലയ്ക്കുവാങ്ങാം എന്ന സാംബശിവന്റെ ശ്രദ്ധേയമായ കഥാപ്രസംഗം സുഭദ്രയുടെ സംഭാവനയാണ്. അന്ന് സുഭദ്രയുടെ സഹായവും കഴിവും കണ്ട് കാമ്പിശേരി പോലും അത്ഭുതം കൂറിയിരുന്നു. കാമ്പിശേരിയും ഇൗ കഥപറയാൻ സാംബശിവന് വലിയ സഹായമൊരുക്കി.
സാംബശിവനുമായി പത്ത് വയസിന്റെ അന്തരമുണ്ടായിരുന്നു സുഭദ്രയ്ക്ക്. പ്രണയമല്ലെങ്കിലും തമ്മിൽ ഇഷ്ടപ്പെട്ടാണ് വിവാഹിതരായത്. ചവറ തെക്കുംഭാഗം ഗുഹാനന്തപുരത്താണ് സുഭദ്രയുടെ ജനനം. പ്രമുഖ തറവാടായ മേലൂട്ട് വീട്ടിൽ സ്വാതന്ത്ര്യസമര സേനാനി ഒ. നാണു ഉപാദ്ധ്യായയുടെയും കല്യാണിഅമ്മയുടെയും മകളാണ്.