sasidharanpilla-69

കൊല്ലം: ബന്ധുക്കളുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് ഇടപെട്ടാണ് നാട്ടുകാരെ അനുനയിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തൃക്കടവൂർ ഷാപ്പുമുക്കിന് സമീപത്തായിരുന്നു സംഭവം. കടവൂർ സരിതാഭവനിൽ ശശിധരൻപിള്ളയുടെ (69) മരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ഉയർന്നത്.

കഴിഞ്ഞ 31ന് ബന്ധുക്കളുടെ മർദ്ദനമേറ്റ ശശിധരൻപിള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പൊലീസിനോട് പരാതി ഇല്ലെന്നാണ് പറഞ്ഞത്. ആശുപത്രിവാസത്തിന് ശേഷം വീട്ടിലെത്തിയപ്പോഴും മർദ്ദനമേറ്റതായി നാട്ടുകാർ പറയുന്നു. അവശനായി വീണ ശശിധരൻപിള്ളയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. തുടർന്നാണ് നാട്ടുകാർ മരണത്തിൽ അസ്വാഭാവികത ഉന്നയിച്ചത്.

അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഭാര്യ: ശ്രീദേവി. മക്കൾ: സുനിത, പരേതയായ സരിത.