കുന്നത്തൂർ : കുന്നത്തൂർ മൃഗാശുപത്രിയിൽ രണ്ടു മാസമായി ഡോക്ടറില്ലാത്തതിനാൽ ക്ഷീര കർഷകരടക്കം വലയുന്നു. ഇവിടത്തെ ഡോക്ടർ കല്ലുവാതുക്കലിലേക്ക് സ്ഥലംമാറിപ്പോയതാണ് പ്രതിസന്ധിക്ക് കാരണം. കുന്നത്തൂരിലേക്ക് ഡോക്ടറെ നിയമിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതുവരെ ആരുമെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പകരം പോരുവഴി വെറ്ററിനറി ഡോക്ടർക്ക് താത്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹവും എത്താറില്ല. കുന്നത്തൂരിൽ ചാർജെടുക്കേണ്ട ഡോക്ടർ ട്രെയിനിംഗിന് പോയിരിക്കുകയാണെന്നും വിവരമുണ്ട്. അവധി ദിവസങ്ങളിലും രാത്രിയിലും പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പടെയുള്ള സംവിധാനങ്ങളുണ്ട്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വെറ്റിനറി ആശുപത്രിയാണ് കുന്നത്തൂരിലേത്.
പ്രതിഷേധവുമായി കോൺഗ്രസ്
കുന്നത്തൂർ മൃഗാശുപത്രിയിൽ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൃഗാശുപത്രി ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ റെജി കുര്യൻ, രാജൻ നാട്ടിശേരി, ഷീജാ രാധാകൃഷ്ണൻ, നേതാക്കളായ കാരയ്ക്കാട്ട് അനിൽ, തങ്കപ്പൻ ഇരവി, ഹരികുമാർ കുന്നത്തൂർ, ഉമേഷ് കുന്നത്തൂർ, വിഷ്ണു കൊല്ലാറ, ജുബിൻ എന്നിവർ നേതൃത്വം നൽകി. തിങ്കളാഴ്ചയോടെ പരിഹാരം കാണാമെന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
നെട്ടോട്ടമോടി കർഷകർ
നിരവധി ഫാമുകളടക്കം പ്രവർത്തിക്കുന്ന കുന്നത്തൂരിൽ അടിയന്തര ഘട്ടങ്ങളിലടക്കം കർഷകർ നെട്ടോട്ടമോടുകയാണ്. ദിവസവും ചികിത്സ തേടി നിരവധിയാളുകൾ വാഹനങ്ങളിൽ മൃഗങ്ങളുമായെത്താറുണ്ടെങ്കിലും ഡോക്ടറുടെ അഭാവം മൂലം നിരാശരായി മടങ്ങുകയാണ്. മൃഗാശുപത്രി വഴി സബ്സിഡി നിരക്കിലും സൗജന്യമായും ക്ഷീരകർഷകർക്ക് ലഭിക്കേണ്ട കാലിത്തീറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ യഥാ സമയത്ത് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കുന്നത്തൂർ മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കാൻ നടപടിയെടുത്തില്ലെങ്കിൽ കർഷകരെ അണിനിരത്തി വരും ദിവസങ്ങളിൽ സമരം ശക്തമാക്കും.
റെജി കുര്യൻ, പഞ്ചായത്തംഗം