രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു
കൊല്ലം: കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട നിർമ്മാണവും പൂർത്തിയായതോടെ കൂടുതൽ സർക്കാർ ഒാഫീസുകൾ സിവിൽ സ്റ്റേഷനിൽ ഇടംപിടിച്ചു. പതിനൊന്ന് ഓഫീസുകൾ കൂടി പുതുതായി സിവിൽ സ്റ്റേഷനിലേക്ക് മാറും. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 7.20 കോടി രൂപ ഉപയോഗിച്ചാണ് സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. മന്ത്രി ജി.സുധാകരൻ രണ്ടാം ഘട്ട നിർമ്മാണ പൂർത്തീകരണത്തിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ചു. പട്ടണത്തിലെ സ്വന്തമായി ആസ്ഥാനമില്ലാത്ത ഓഫീസുകളെല്ലാം സിവിൽ സ്റ്റേഷനിലേക്ക് എത്തിയ്ക്കാനാണ് ശ്രമം. താലൂക്ക് ഓഫീസും സപ്ളൈ ഓഫീസും ജോ.ആർ.ടി.ഓഫീസും ട്രഷറികളുമടക്കം പ്രധാനപ്പെട്ട ഓഫീസുകളെല്ലാം ഇവിടേക്ക് എത്തിക്കാനായെങ്കിലും പിന്നെയും നിരവധി കെട്ടിടങ്ങൾ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടുകയായിരുന്നു. നിലവിൽ ഉണ്ടായിരുന്ന പോരായ്മകൾകൂടി പരിഹരിച്ചാണ് രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയതെന്ന് പി.ഐഷാപോറ്റി എം.എൽ.എ അറിയിച്ചു.
പുതുതായി എത്തുന്ന ഓഫീസുകൾ
എൻഫോഴ്സ്മെന്റ് ആർ.ടി.ഓഫീസും കൺറോൾ റൂമും, ജി.എസ്.ടി ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, ഡയറി ഡെവലപ്മെന്റ് ഓഫീസ്, ഇൻസ്പെക്ടിംഗ് അസി.കമ്മീഷണർ ഓഫീസ്, സർവെ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ചൈൽഡ് ഡവലപ്മെന്റ് ഓഫീസ്, ആർ.എ.ഐ.സി ഓഫീസ്, നാഷണൽ എംപ്ളോയീസ് സർവീസ്, പെർഫോമൻസ് ഓഡിറ്റ്. ഓഫീസുകൾക്കൊപ്പം അസാപ് സ്കിൽപാർക്ക് മാതൃകയിൽ കരിയർ ഡവലപ്മെന്റ് സെന്ററും സമ്മേളന ഹാളും ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങ്
സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങ് പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഷാജു, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ആർ.രാജശേഖരൻ പിള്ള, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ആർ.രമേശ്, ഉണ്ണിക്കൃഷ്ണ മേനോൻ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.