
കൊല്ലം: ജില്ലയിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സ്വാബ് പരിശോധന മാനദണ്ഡം പുതുക്കിനിശ്ചയിച്ചു. 75 ശതമാനം സാമ്പിളുകളിലും ആർ.ടി.പി.സി.ആർ പരിശോധയാണ് നടത്തേണ്ടത്.
പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ, കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് സമ്പർക്കപ്പട്ടികയിൽ വരുന്നവർ, മറ്റ് പ്രദേശങ്ങളിലെ രോഗലക്ഷമുള്ള സമ്പർക്കപ്പട്ടികയിലുള്ളവർ, വിദേശ, സ്വദേശ യാത്രക്കാർ തുടങ്ങിയവർക്കാണ് ആന്റിജൻ പരിശോധന. രോഗം സ്ഥിരീകരിച്ചവരിൽ പത്താം ദിവസവും രോഗം ഭേദമായി മൂന്ന് മാസത്തിനകം വീണ്ടും പരിശോധിക്കേണ്ട സാഹചര്യം വന്നാലും ആന്റിജൻ പരിശോധനയായിരിക്കും നടത്തുകയെന്നും ഡി.എം.ഒ അറിയിച്ചു.
രോഗലക്ഷണമുള്ള വിദേശ, സ്വദേശ യാത്രക്കാർക്ക് അന്റിജൻ നെഗറ്റീവായാൽ നിർബന്ധമായും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. സാധാരണ സമ്പർക്ക പട്ടികയിൽ വരുന്ന എല്ലാവരും രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരും ആർ.ടി.പി.സി.ആർ പരിശോധനയാണ് നടത്തേണ്ടത്.
അടിയന്തര ശസ്ത്രക്രിയയ്ക്കും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കും വിധേയരാകുന്നവർക്ക് ട്രൂനാറ്റ് പരിശോധന നടത്തും. വസ്തുതകൾ മനസിലാക്കി പൊതുജനങ്ങൾ പരിശോധനയ്ക്ക് തയ്യാറാകണമെന്നും സ്വന്തം താത്പര്യപ്രകാരം ആന്റിജൻ പരിശോധന വേണമെന്ന് വാശിപിടിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
ഐ.സി.എം.ആർ അംഗീകാരമുള്ള ലാബിൽ പരിശോധിച്ച് രോഗം സ്ഥിരീകരിച്ചവർ വീണ്ടും മറ്റൊരു ലാബിൽ സ്വയം പരിശോധിച്ച് നെഗറ്റീവായി പ്രഖ്യാപിക്കുന്ന പ്രവണത അപൂർവമായി കാണുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. മേൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ലാബുകൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
''
ജില്ലയിൽ സീറോളജിക്കൽ സർവേ പുരോഗമിക്കുകയാണ്. ആയിരത്തിലധികം സാമ്പിളുകൾ ശേഖരച്ച് സർവേ ഉടൻ പൂർത്തിയാക്കും.
ഡോ.ആർ. ശ്രീലത
ജില്ലാ മെഡിക്കൽ ഓഫീസർ