c
ശൂരനാട് അനുതാജ്, ജ്യോതികുമാർ ചാമക്കാല, സി.ആർ. നജീബ്

കൊല്ലം: പത്തനാപുരം സീറ്റിനായി കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലും ഗ്രൂപ്പുകൾക്കുള്ളിലും പിടിവലി മുറുകുന്നു. മുതിർന്ന നേതാക്കൾ കളത്തിലിറങ്ങുമ്പോൾ കാലുവാരൽ ഉറപ്പായതിനാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശൂരനാട് അനുതാജിനെ സ്ഥാനാർത്ഥിയാക്കി പത്തനാപുരം പിടിക്കാനാണ് പുതിയ ആലോചന.

ആദ്യഘട്ടത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ചാമക്കാല ജ്യോതികുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി സി.ആർ. നജീബ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉണ്ടായിരുന്നത്. സി.ആർ. നജീബ് എ ഗ്രൂപ്പും ചാമക്കാല ജ്യോതികുമാർ ഐയുമാണ്. ഇരുവർക്കുമെതിരെ എതിർ ഗ്രൂപ്പുകൾ ഇപ്പോൾ തന്നെ ശക്തമായ പ്രചാരണം തുടങ്ങി. ഇവരിൽ ഒരാൾ സ്ഥാനാർത്ഥിയായാൽ പൊട്ടിത്തറി ഉറപ്പായ സാഹചര്യത്തിലാണ് മൂന്നാമതൊരാളെ പരിഗണിക്കുന്നത്.

എന്നാൽ അനുതാജിനെ പരിഗണിക്കുന്നതിന് മറ്റ് ചില കാരണങ്ങളാണ് മുതിർന്ന നേതാക്കൾ പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം കോൺഗ്രസ് മത്സരിക്കുന്ന എല്ലാ സീറ്റുകളിലും യുവനേതാക്കളെ നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷെ ജില്ലയിലെ മറ്റ് സീറ്റുകളിലെങ്ങും യൂത്ത് കോൺഗ്രസ് പട്ടികയിൽ നിന്നുള്ളവരെ പരിഗണിക്കാൻ വലിയ പ്രയാസമുള്ള സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ പത്തനാപുരം സീറ്റിൽ അനുതാജിനെ മത്സരിപ്പിച്ച് ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രാതിനിദ്ധ്യം ഉറപ്പാക്കാനാണ് നീക്കം. മുതിർന്ന നേതാക്കളുടെ നിർദ്ദേശ പ്രകാരം അനുതാജ് മണ്ഡലത്തിൽ സജീവമായതായും സൂചനയുണ്ട്.

 നിർണായകം ന്യൂനപക്ഷ വോട്ടുകൾ

ന്യൂനപക്ഷ വോട്ടുകളാണ് പത്തനാപുരത്ത ജയപരാജയങ്ങൾ നിർണയിക്കുന്നതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതിൽ തന്നെ മുസ്ലീം വോട്ടുകളാണ് നിർണായകം. ഈ വിഭാഗത്തിൽ നിന്ന് ഒരാൾ സ്ഥാനാർത്ഥിയായാൽ ഗണേശ് കുമാറിന്റെ പെട്ടിയിലേക്ക് കഴിഞ്ഞ തവണ പോയ ന്യൂനപക്ഷ വോട്ട് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയുമുണ്ട്. കൂടാതെ അനുതാജിന്റെ ബന്ധുബലവും പത്തനാപുരത്താണ്. ഗണേശ് കുമാറിനെതിരെ അടുത്തിടെ പത്തനാപുരത്ത് നടന്ന സമരങ്ങളുടെ മുൻനിരയിൽ അനുതാജുണ്ടായിരുന്നു. ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉദ്യോഗാർത്ഥികളുടെ സമരത്തിലും നിറഞ്ഞുനിൽക്കുന്നു.

 കൊടിക്കുന്നിലിന്റെ പിന്തുണ

സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അനുതാജിനായി ശക്തമായി രംഗത്തെത്തുമെന്നാണ് സൂചന. മണ്ഡലം ഐ ഗ്രൂപ്പിന് വിട്ടുനൽകുന്നതിനോടും കൊടിക്കുന്നിലിന് യോജിപ്പില്ല. തന്റെ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമെന്ന നിലയിൽ പത്തനാപുരത്ത് കൊടിക്കുന്നിൽ മുന്നോട്ടുവയ്ക്കുന്ന പേര് നേതൃത്വത്തിന് തള്ളാനുമാവില്ല. ഈ ലക്ഷ്യത്തോടെയാണ് കൊടിക്കുന്നിൽ അനുതാജിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാക്കിയതെന്നും സൂചനയുണ്ട്. തമ്മിലടിച്ച് മണ്ഡലം നഷ്ടമാകാതിരിക്കാൻ യുവനേതാവിനെ കളത്തിലിറക്കങ്ങണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ എ ഗ്രൂപ്പ് പ്രവർത്തകർ കോൺഗ്രസ് സംസ്ഥാന, കേന്ദ്ര നേതാക്കളെ കൂട്ടത്തോടെ സമീപിക്കുന്നതും അനുതാജിന് വേണ്ടിയാണെന്നാണ് വിവരം.