c

കൊല്ലം: മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള സന്നദ്ധ സംഘടനയായ ട്രാക്ക് ജില്ലയിലെ നിർദ്ധനരായ കിടപ്പുരോഗികൾക്കായി സൗജന്യ ആംബുലൻസ് സേവന പദ്ധതി ആരംഭിച്ചു. പാവങ്ങൾ വിളിച്ചാൽ ട്രാക്കിന്റെ ആംബുലൻസ് വിട്ടിലേക്ക് പാഞ്ഞെത്തും. അവിടെ നിന്ന് ഉടൻ ആശുപത്രിയിലെത്തിക്കും. ചികിത്സയ്ക്ക് ശേഷം തിരിച്ച് വീട്ടിലുമെത്തിക്കും. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിക്കാൻ ട്രാക്കിന്റെ ആംബുലൻസ് 24 മണിക്കൂറും നിരത്തിലുണ്ട്. ഇതിന് പുറമേയാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ബി.പി.എൽ) രോഗികൾക്കായി സൗജന്യ ആംബുലൻസ് സേവനംകൂടി തുടങ്ങുന്നത്.

ഇടയ്ക്കിടെ അത്യാവശ്യ ഘട്ടങ്ങളിൽ പാവപ്പെട്ടവർ ആശുപത്രികളിൽ പോകാൻ ട്രാക്കിന്റെ അപകട രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ആബുലൻസിന്റെ സേവനം ചോദിക്കാറുണ്ട്. അപ്പോഴെല്ലാം നൽകിയിട്ടുമുണ്ട്. ഇവരുടെയെല്ലാം സാമ്പത്തിക സാഹചര്യം ഏറെ ദയനീയമാണ്. ഇത്തരം അനുഭവങ്ങൾ പതിവായതോടെയാണ് പാവങ്ങളെ ആശുപത്രിയിലെത്തിക്കാൻ പ്രത്യേകം ആംബുലൻസ് തുടങ്ങുകയെന്ന തീരുമാനത്തിലേക്ക് ട്രാക്ക് സംഘാടകർ എത്തിച്ചേർന്നത്.

രോഗികളിൽ നിന്ന് പണം വാങ്ങില്ല

ഒരു ഐ.സി.യു ആംബുലൻസും ഒരു ബൊലേറൊ എ.സി ആംബുലൻസുമാണ് സൗജന്യ ആംബുലൻസ് സേവന പദ്ധതിക്കായി സജ്ജമാക്കിയിട്ടുള്ളത്. നയാപൈസ പോലും രോഗികളിൽ നിന്ന് വാങ്ങില്ല. ട്രാക്കിന്റെ സംഘാടകരാണ് പെട്രോൾ കാശും ആംബുലൻസ് ജീവനക്കാരുടെ ശമ്പളവും വഹിക്കുന്നത്.

ആംബുലൻസ് സേവനത്തിന് വിളിക്കേണ്ട നമ്പർ: 9847104104, 9447348892