
കൊല്ലം: ജില്ലയൊന്നാകെ കാത്തിരുന്ന ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാകുമ്പോൾ നഗരത്തിൽ നിന്ന് കാൽപ്പന്തുകളി കുടിയൊഴിക്കപ്പെടും. പീരങ്കി മൈതാനത്ത് വിവിധ അസോസിയേഷനുകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ ഫുട്ബാൾ പരിശീലനം നടക്കുന്ന സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിന്റെ ഭാഗമായി ഫുട്ബാൾ ക്വാർട്ട് ഒരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്.
കൊച്ചുകുട്ടികൾ മുതൽ വലിയ താരങ്ങൾ വരെ സ്ഥിരമായി ഫുട്ബാൾ പരിശീലനം നടത്തുന്ന കേന്ദ്രമാണ് നിലവിൽ ഇവിടം. പ്രധാനപ്പെട്ട ചാമ്പ്യൻഷിപ്പുകളും സെലക്ഷൻ ട്രയൽസും ക്യാമ്പുകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. ഇൻഡോർ സ്റ്റേഡിയം വരുന്നതോടെ ഇതെല്ലാം അവസാനിക്കും. പുതിയ സ്റ്റേഡിയത്തിനുള്ളിൽ വോളിബാൾ, ഹാൻഡ്ബാൾ, ഷട്ടിൽ, ബാഡ്മിന്റൺ ക്വാർട്ടുകൾ മാത്രമാണുള്ളത്.
ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ഫുട്ബാൾ ക്വാർട്ട് ഉണ്ടെങ്കിലും കളിക്കാനാകാത്ത വിധം കുണ്ടും കുഴിയുമാണ്. തൊട്ടടുത്തുള്ള റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടും ഇപ്പോൾ സ്വതന്ത്രമായി വിട്ടുനൽകുന്നില്ല. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പണ്ടുണ്ടായിരുന്ന ഗ്രൗണ്ടുകളും അപ്രത്യക്ഷമായി. പീരങ്കി മൈതാനത്ത് പ്രദർശനങ്ങളോ പരിപാടികളോ ഇല്ലാത്ത ദിവസങ്ങളിലും നിലവിൽ പരിശീലനത്തിന് അനുമതി നൽകുന്നില്ല.
ഫുട്ബാൾ പ്രേമികളുടെ കഠിനാദ്ധ്വാനം
പീരങ്കി മൈതാനത്ത് ഇപ്പോൾ പ്രദർശനങ്ങൾ നടക്കുന്ന സ്ഥലത്തായിരുന്നു നേരത്തെ ഫുട്ബാൾ പരിശീലനം. പ്രദർശനങ്ങൾക്ക് തടസമാകുന്ന തരത്തിൽ പരിശീലനം അനുവദിക്കില്ലെന്ന് നഗരസഭ ഒരു സുപ്രഭാതത്തിൽ തീരുമാനിച്ചു. ഇതോടെയാണ് അയ്യങ്കാളി പ്രതിമയ്ക്ക് പിന്നിൽ ഇപ്പോൾ പരിശീലനം നടക്കുന്ന ക്വാർട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സജ്ജമാക്കിയത്. കുപ്പിച്ചില്ലുകളും മാലിന്യവും നിറഞ്ഞ പ്രദേശം ഫുട്ബാൾ പ്രേമികൾ സംഘടിച്ച് വൃത്തിയാക്കിയാണ് ഇന്ന് കാണുന്ന ക്വാർട്ട് ഒരുക്കിയത്.
പ്രഖ്യാപനത്തിലൊതുങ്ങും മറഡോണ കപ്പ്
കൊല്ലങ്ങളായി ഗോൾഡൻ ജൂബിലി ടൂർണമെന്റ് നടത്തുമെന്ന് പറഞ്ഞുകൊണ്ടിരുന്ന നഗരസഭ ഇത്തവണ 'മറഡോണ കപ്പ്' നടത്തുമെന്നാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ എവിടെ നടത്തുമെന്ന് ചിന്തിച്ചിട്ടില്ല. ടർഫില്ലാതെ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ കളിക്കാനാകില്ല. നല്ല ഗ്രൗണ്ടില്ലെങ്കിൽ മുൻനിര കളിക്കാരും മികച്ച ക്ലബുകളും പങ്കെടുക്കുകയുമില്ല. പ്രധാന ക്വാർട്ടിന് പുറമേ കുറഞ്ഞത് രണ്ട് പരിശീലന ഗ്രൗണ്ടെങ്കിലും ഉണ്ടെങ്കിലേ പ്രധാനപ്പെട്ട ടൂർണമെന്റുകൾക്ക് അനുമതി ലഭിക്കു. സന്തോഷ് ട്രോഫി പോലെയുള്ള വലിയ ടൂർണമെന്റുകൾ നഗരത്തിലെത്താനുള്ള സാദ്ധ്യതകളും ഇതോടെ മങ്ങുകയാണ്.
'' മറ്റ് ജില്ലകളിൽ കുറഞ്ഞത് മൂന്ന് നല്ല ഫുട്ബാൾ ഗ്രൗണ്ടെങ്കിലും ഉണ്ട്. എന്നാൽ ജില്ലയിൽ ഒന്നുപോലും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഗ്രൗണ്ടുകൾ മറയുന്നു. ബന്ധപ്പെട്ടവർ ഇക്കാര്യം ഗൗരവമായി കാണണം.''
ദ്വാരക മോഹൻ (കേരള ഫുട്ബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം)