
പുനലൂർ താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം കൊവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കാൻ നിർദ്ദേശം
കൊല്ലം: ജില്ലാ ആശുപത്രിയിലെ കൊവിഡ്ചികിത്സ പൂർണമായും നിറുത്തലാക്കി പഴയനിലയിൽ ഒ.പിയും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയും പുനരാരംഭിക്കാനുള്ള നീക്കം തുടങ്ങി. ജില്ലാആശുപത്രിക്ക് പകരം പുനലൂർ താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടമോ എഴുകോൺ ഇ.എസ്.ഐ ആശുപത്രിയോ പൂർണകൊവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കാനാണ് ആലോചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ ആശുപത്രി അധികൃതർ മെഡിക്കൽ ഓഫീസിന് കത്ത് നൽകി. ചില ജനപ്രതിനിധികളും ഇവിടെ ഒ.പി പുനരാരംഭിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
കൊവിഡ് സെന്ററാക്കിയതോടെ ഇവിടുത്തെ ഡോക്ടർമാരിൽ ഒരു വിഭാഗത്തെ താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. പക്ഷേ പ്രധാന ശസ്ത്രക്രിയകൾക്കുള്ള സൗകര്യം പല താലൂക്ക് ആശുപത്രികളിലുമില്ല. പ്രധാന ശസ്ത്രക്രിയകൾ വേണ്ട രോഗികൾ തിരുവനന്തപുരം മെഡി. കോളേജിനെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കൊവിഡ് സെന്ററാക്കിയത് കഴിഞ്ഞ ജൂലായിൽ
കൊവിഡ് വർദ്ധിച്ചതോടെ കഴിഞ്ഞ ജൂലായിലാണ് ജില്ലാ ആശുപത്രി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കിയത്. സ്പെഷ്യാലിറ്റി അടക്കം 22 ഒ.പികൾ പ്രവർത്തിച്ചിരുന്ന ഇവിടെ കാഷ്വാലിറ്റിയും ഡയാലിസിസും മാത്രമാണ് നിലവിലുള്ളത്. ഐ.സി.യു അടക്കം പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിലാണ് കൊവിഡ് ചികിത്സ നടക്കുന്നത്. സ്ഥലപരിമിതിയുള്ളതിനാൽ കുറച്ചുഭാഗം പ്രയോജനപ്പെടുത്തി മറ്റ് ചികിത്സകൾ ആരംഭിക്കാനും കഴിയുന്നില്ല.
മെഡിക്കൽ കോളേജിലും മാറ്റത്തിന് ആലോചന
പാരിപ്പള്ളി മെഡി. കോളേജിൽ പ്രവേശിപ്പിക്കുന്ന ഗർഭിണികളായ കൊവിഡ് ബാധിതരിൽ ഗുരുതരാവസ്ഥയിൽ അല്ലാത്തവരെ നെടുങ്ങോലം താലൂക്ക് ആശുപത്രിയെ കൊവിഡ് സെന്ററാക്കി അവിടേക്ക് മാറ്റാൻ ആലോചനയുണ്ട്. മെഡിക്കൽ കോളേജിൽ ഒ.പിയും ശസ്ത്രക്രിയയും ചെറിയ രീതിയിൽ പുനരാരംഭിച്ചിട്ടുണ്ട്. അടുത്തമാസം മുതൽ കൊവിഡ് ഇതര ചികിത്സ വർദ്ധിപ്പിക്കും.
ജില്ലാ ആശുപത്രിയെ കൊവിഡ് ചികിത്സയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്ന ശുപാർശ നൽകിയിട്ടുണ്ട്. മറ്റ് പകരം സാദ്ധ്യതകളും നിർദ്ദേശിച്ചിട്ടുണ്ട്.
ഡോ. എസ്. വസന്തദാസ് (ജില്ലാ ആശുപത്രി സൂപ്രണ്ട്)