c

ആശുപത്രികളിൽ ജനത്തിരക്ക്

ചാത്തന്നൂർ: കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനു പുറമേ വൈറസ് പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം ഇരുന്നൂറ് കടന്നു.
വിറയലോടുകൂടിയ ശക്തമായ പനി, തലവേദന, പേശിവേദന, സന്ധികളിൽ വേദന, മനംപിരട്ടൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. താലൂക്ക് ആശുപത്രികളിലെ പനി ക്ലിനിക്കുകളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 100 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവുള്ളവർ നിർബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.

ലക്ഷണങ്ങൾ എച്ച് 1 എൻ 1 പനിയുടേത്

നെടുങ്ങോലം, മീനാട്, ചിറക്കര, കല്ലുവാതുക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെട്ട വൈറൽ പനിയുടെ ലക്ഷണങ്ങൾ എച്ച് 1 എൻ 1 ന്റേതുമായി സാമ്യമുള്ളതാണ്. കടുത്ത ശരീരവേദന, ജലദോഷം, ക്ഷീണം എന്നിവയാണ് സാധാരണ അനുഭവപ്പെടാറുള്ളത്. വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ശരീരോഷ്മാവ്‌ കൂടാതെ നോക്കുകയും വേണം. സാധാരണ ഗതിയിൽ അപകടകാരി അല്ലെങ്കിലും ശ്വാസകോശ രോഗങ്ങളോ ഹൃദ്രോഗമോ ഉള്ളവരിൽ അസുഖം ഗുരുതരമാകാറുണ്ട്.

ഡോ. ജി. രാജു, (മുൻ മെഡി. ഓഫീസർ, താലൂക്ക് ആശുപത്രി, നെടുങ്ങോലം.)

കരുണാലയത്തിൽ 21 പേർക്ക് കോവിഡ്

ചാത്തന്നൂർ കരുണാലയത്തിലെ 21 അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭയപ്പെടാനില്ലെന്നും ആരുടേയും നില ഗുരുതരമല്ലെന്നും കരുണാലയം അധികൃതർ അറിയിച്ചു.

പനി ബാധിതരുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കി രക്ത സാമ്പിളുകൾ ശേഖരിച്ച് വിശദ പരിശോധന നടത്തും

ഡോ. സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ