 
കൊല്ലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം തട്ടാമല ജ്ഞാനോദയം വായനശാലയിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 'കാർഷിക നിയമവും ഭക്ഷ്യ സുരക്ഷയും', 'കാലാവസ്ഥാ മാറ്റവും കേരള വികസനവും', 'തകർക്കപ്പെടുന്ന ഭരണഘടനാ മൂല്യങ്ങൾ' എന്നീ വിഷയങ്ങളിൽ 1000 ശാസ്ത്ര ക്ലാസുകൾ, വീട്ടുമുറ്റ നാടകം, ഡിജിറ്റൽ നാടകം, പോസ്റ്റർ പ്രദർശനം മുതലായവ നാൽപ്പതോളം കേന്ദ്രങ്ങളിലായി സംഘടിപ്പിക്കും. ഗ്രന്ഥശാലാസംഘം ഉൾപ്പെടെയുള്ള പുരോഗമന സംഘടനകളുമായി സഹകരിച്ചാണ് പരിപാടികൾ നടക്കുക.
യോഗത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. ലിസി അദ്ധ്യക്ഷത വഹിച്ചു. ബി. വേണു, ജി. രാജശേഖരൻ, എൽ. ഷൈലജ, ആർ. ജയകുമാർ, ഡി. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ഷീലാ ബൈജു നന്ദി പറഞ്ഞു.