കുണ്ടറ: ആറുമുറിക്കടയിലെ ഹൈമാസ്റ്റ് ലൈറ്റ് തകർന്നിട്ട് വർഷം നാല് പിന്നിടുമ്പോഴും പുനഃസ്ഥാപിക്കുന്നതിൽ മെല്ലെപ്പോക്ക് തുടരുന്നു. ലൈറ്റ് ഇടിച്ചുതെറിപ്പിച്ച ലോറിക്കാർ 2.6 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയിരുന്നെങ്കിലും അധികൃതർക്ക് താത്പര്യമില്ലാത്തതിനാൽ ഇരുളടഞ്ഞ് കിടക്കാനാണ് ജംഗ്ഷന്റെ വിധി.
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ആറുമുറിക്കട ജംഗ്ഷനിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 4.6 ലക്ഷം രൂപ ചെലവാക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് വാഹനം ഇടിച്ചതിനെ തുടർന്ന് തകർന്നത്. 2017 ജൂൺ 13നായിരുന്നു സംഭവം. ആന്ധ്രയിൽ നിന്ന് കൊല്ലത്തേക്ക് അരി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ലൈറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മൂടോടെ ഇളകിവീണ ലൈറ്റിന്റെ ഭാഗങ്ങൾ റോഡിന്റെ വശത്തായി മാറ്റിയിട്ടിരിക്കുകയാണ്. വർഷങ്ങൾ പിന്നിട്ടതോടെ ഈ ഭാഗങ്ങൾ ഇവിടെക്കിടന്ന് നശിക്കുകയും ചെയ്തു. ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിൽ ഉറപ്പിച്ചിരുന്ന ബാറ്ററിയും കമ്പികളും അതേപടി റോഡിന്റെ മദ്ധ്യത്ത് അവശേഷിക്കുന്നുണ്ട്.
അപകട സാദ്ധ്യതയേറിയ ജംഗ്ഷൻ
കൊല്ലം- തിരുമംഗലം ദേശീയപാതയിൽ വളവുള്ള ഭാഗമാണ് ആറുമുറിക്കട ജംഗ്ഷൻ. നെടുമൺകാവ് ഭാഗത്ത് നിന്നുള്ള റോഡ് ദേശീയപാതയിൽ സംഗമിക്കുന്നതും ഇവിടെയാണ്. രാത്രികാലങ്ങളിൽ ബസ് കാത്തുനിൽക്കുന്നവരും കാൽനടക്കാരും ഇരുട്ടത്ത് തപ്പിത്തടയുന്ന ഗതികേടുണ്ടായിട്ടും അധികൃതർ ഇതൊന്നും കണ്ടതായി നടിക്കുന്നില്ല. കൊട്ടാരക്കര നിയോജക മണ്ഡലത്തിൽപ്പെടുന്ന ഭാഗമായതിനാൽ പി. ഐഷാപോറ്റി എം.എൽ.എ മുൻകൈയെടുത്താണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. കുണ്ടറ മണ്ഡലത്തിന്റെ അതിർത്തി പ്രദേശമായതനാൽ അധികാരത്തർക്കവും രൂക്ഷമാണ്.