koodathil

തിരുവനന്തപുരം: കരമന കാലടി കൂടത്തിൽതറവാട്ടിൽ ജയമാധവൻ നായരുടെ മരണം തലയ്ക്കേറ്റ ക്ഷതംമൂലം. ഫോറൻസിക് പരിശോധനയിൽ ഇത് സംബന്ധിച്ച നിർണായക തെളിവുകൾ ലഭ്യമായതോടെയാണ് കൊലക്കുറ്റം ചുമത്താൻ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതിതേടിയത്. ഇതോടെ കൂടത്തിൽ തറവാട്ടിലെ മറ്റ് ആറുപേരുടെ മരണങ്ങളിലും സംശയം ബലപ്പെട്ടിരിക്കുകയാണ്. ദുരൂഹ സാഹചര്യത്തിലായിരുന്നു ഇവർ ഓരോരുത്തരും മരണമടഞ്ഞത്. കൊലക്കുറ്റം ചുമത്തിയതോടെ കേസിൽ സംശയനിഴലിലുള്ള കാര്യസ്ഥൻ രവീന്ദ്രൻനായരെയും സഹായി സഹദേവനെയും കൂടത്തിലെ വീട്ടുവേലക്കാരിയായിരുന്ന ലീലയെയും പൊലീസ് ഉടൻ ശദമായി ചോദ്യം ചെയ്യും.

തലയടിച്ച് വീണുവെന്ന് പ്രചരിപ്പിച്ചു

ഉറക്കമുണർന്നപ്പോൾ കട്ടിളപ്പടിയിൽ തലയടിച്ച് വീണാണ് ജയമാധവൻനായർ മരിച്ചതെന്നായിരുന്നു സംശയച്ചിരുന്നത്. വീട്ടിനുള്ളിൽ നിലത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടതായും ആശുപത്രിയിലെത്തിച്ചശേഷം മരണമടഞ്ഞെന്നുമായിരുന്നു കാര്യസ്ഥനായ രവീന്ദ്രൻനായരും മറ്റുള്ളവരും പറഞ്ഞ് പ്രചരിപ്പിച്ചിരുന്നത്. കട്ടിളപ്പടിയിൽ തലയടിച്ച് വീണാൽ പുരികച്ചുഴിയിൽ മുറിവുണ്ടാകാൻ സാദ്ധ്യതയില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും വീട്ടിൽതെളിവെടുപ്പിനെത്തിയ ഫോറൻസിക് വിദഗ്ദ്ധരുടെയും കണ്ടെത്തലാണ് കേസിൽ സംശയം ജനിപ്പിച്ചത്. വീട്ടിൽ ഒളിപ്പിച്ച നിലയിൽ പട്ടികകഷണവും അതിൽ രക്തക്കറയോട് സാമ്യമുള്ള അടയാളങ്ങളും കണ്ടെത്തിയതും സംശയങ്ങൾ ബലപ്പെടുത്തി.

കട്ടിളപ്പടിയിൽ രക്തക്കറ കണ്ടില്ല

ജയമാധവൻനായർ വീണ് കിടന്നതായി പറയപ്പെടുന്ന സ്ഥലത്തെ കട്ടിളപ്പടിയിൽ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ രക്തക്കറയില്ലെന്ന് സ്ഥിരീകരിച്ചു. കട്ടിലിലും മുറിയുടെ തറയിലും നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലവും ജയമാധവൻനായരുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലവും പുറത്ത് വന്നതോടെയാണ് മരണ കാരണം വ്യക്തമായത്.

2017 ഏപ്രിൽ 2ന് ജയമാധവൻനായരെ കൂടത്തിൽ തറവാട്ടിലെ ഹാളിൽ കട്ടിളപ്പടിയ്ക്ക് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞുവെന്നുമായിരുന്നു കാര്യസ്ഥനായ രവീന്ദ്രൻനായരുടെ മൊഴി. നാല് വർഷം മുമ്പുണ്ടായ സംഭവത്തിൽ കൂടത്തിൽ വീട്ടിൽ ശാസ്ത്രീയപരിശോധനകളോ തെളിവെടുപ്പുകളോ നടത്താതിരുന്നതും ദുരൂഹമരണമെന്ന നിലയിൽ സാഹചര്യതെളിവുകൾ പരിശോധിക്കാതെ പോയതും ഇപ്പോൾ അന്വേഷണം നടത്തുന്ന സംഘത്തിന് വെല്ലുവിളിയായിരുന്നു.

പട്ടികക്കഷണം കൊണ്ട് അടിച്ചാലുണ്ടാവുന്ന ക്ഷതം

ജയമാധവൻ നായരുടെ തലയിൽ രണ്ട് ഭാഗങ്ങളിലായി ഭാരമുള്ള വസ്തുഉപയോഗിച്ച് പ്രഹരിച്ച പോലുള്ള മുറിവുണ്ടായിട്ടുണ്ട്. പട്ടികക്കഷണം പോലുള്ള വസ്തുക്കളുപയോഗിച്ച് അടിച്ചാലുണ്ടാകാവുന്ന പരിക്കുകളോട് ജയമാധവൻനായരുടെ തലയിലെ മുറിവുകൾക്ക് സാമ്യമുണ്ടായിരുന്നുവെന്ന പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെയും ഫോറൻസിക് വിദഗ്ദ്ധരുടെയും അഭിപ്രായം കണക്കിലെടുത്ത് നടത്തിയ പരിശോധനയിൽ വീടിന്റെ പിൻവശത്ത് നിന്ന് രക്തക്കറപുരണ്ടതെന്ന് കരുതുന്ന പട്ടികക്കഷണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പട്ടികക്കഷണത്തിലുള്ളത് രക്തക്കറയാണെന്ന് സ്ഥിരീകരിച്ചെങ്കിലും അത് ജയമാധവന്റേതാണോയെന്ന് കണ്ടെത്തേണ്ടിയിരുന്നു.

പട്ടികക്കഷണം വീടിന്റെ പിന്നിൽ ഒളിപ്പിച്ചു

കൂടത്തിൽ വീടിന്റെ പിന്നാമ്പുറത്ത് പെട്ടെന്ന് ആരുടെയും കണ്ണിൽപെടാത്ത വിധം ഒളിപ്പിച്ച നിലയിലായിരുന്നു പട്ടികക്കഷണം. മരണമടഞ്ഞ ദിവസം ജയമാധവൻനായർ കിടന്ന കട്ടിലിന്റെ പടിയിൽ നിന്നും മുറിയുടെ തറയിൽ നിന്നും രക്തത്തിന്റെ സാമ്പിളുകൾ കണ്ടെത്താൻ അവയുടെ പ്രതലത്തിൽ നിന്ന് പൊടിപടലങ്ങളുൾപ്പെടെയുള്ളവ ചിരണ്ടിയെടുത്തും പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.

വസ്ത്രങ്ങളും മരുന്നുകളും കത്തിച്ചു

മുറിയിലുണ്ടായിരുന്ന കസേരകളുൾപ്പെടെയുള്ള ഉപകരണങ്ങൾ, പാത്രങ്ങൾ, ചുമരുകൾ എന്നിവയെല്ലാം അന്വേഷണ സംഘം പരിശോധനാ വിധേയമാക്കിയിരുന്നു. ഇവയിൽ നിന്നെല്ലാം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്താൻ തീരുമാനിച്ചത്. കട്ടിലിലെ വിരിപ്പുകളും സംഭവ സമയത്തും അല്ലാത്തപ്പോഴും ജയമാധവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കഴിച്ച മരുന്നുകളും കത്തിച്ച് കളഞ്ഞത് നിർണായകമായ പലതെളിവുകളും നശിച്ചുപോകാൻ ഇടയാക്കിയെങ്കിലും ലഭ്യമായ തെളിവുകളിലൂടെ കൂടത്തിലെ രൂഹമരണത്തിന്റെ ചുരുളഴിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്

 ജയമാധവൻ നായരുടെ തലയ്ക്കേറ്റ ആഘാതത്തിന്റെ സ്വഭാവം

 പരിക്കുകൾ സംഭവിക്കാനുള്ള സാദ്ധ്യതകൾ (കൂടത്തിൽ വീട്ടിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ പരിക്ക് ആക്രമണത്തിൽ സംഭവിച്ചതാണെന്നതിൻ്റെ സ്ഥിരീകരണം)

 തലയിൽ രണ്ടിടത്ത് പരിക്കേറ്റത് (വീഴ്ചയിലാണെങ്കിൽ വീഴുന്ന ഭാഗത്ത് മാത്രമാകാം ക്ഷതം സംഭവിക്കുക)

 കട്ടിലിൽ നിന്ന് വീണതല്ല (കട്ടിലിന്റെ ഉയരവും ഉറക്കത്തിനിടെ അബദ്ധത്തിൽ വീണാലുണ്ടാകാവുന്ന പരിക്കിൽ നിന്ന് വ്യത്യസ്തമാണ് ജയമാധവന്റെ തലയിലും നെറ്റിയിലും ആന്തരികഭാഗത്തുമുണ്ടായ ആഘാതം)

 പട്ടികക്കഷണം അക്രമിക്കാനുപയോഗിച്ചു അതിലെ രക്തക്കറ ജയമാധവന്റേത്

 ആന്തരികാവയവങ്ങളിൽ രക്തം കട്ടപിടിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ

 അപസ്മാരത്തിനുൾപ്പെടെ ജയമാധവൻനായർ ഉപയോഗിച്ചെന്ന് പറയപ്പെടുന്ന മരുന്നുകളുടെ സാന്നിദ്ധ്യം

 ആന്തരിക രക്തസ്രാവമുൾപ്പെടെയുള്ള മറ്റ് കാരണങ്ങൾ

 പരിക്കേറ്റതും മരണപ്പെട്ടതുമായ സമയം

കൂടത്തിൽ ഭൂമിതട്ടിപ്പ് പൊലീസ് ഓഫീസർക്കും പങ്ക്

തിരുവനന്തപുരം: ജയമാധവൻനായരുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ തലസ്ഥാന നഗരിയുടെ കണ്ണായ സ്ഥലങ്ങളിൽ കോടികളുടെ ഭൂസ്വത്തുക്കൾക്ക് ഉടമകളായിരുന്ന കൂടത്തിൽ വക വസ്തുക്കൾ കൈവശപ്പെടുത്തിയവരും അന്വേഷണ പരിധിയിലാകും. വ്യാജ രേഖകളും വിൽപത്രവും ചമച്ച് കോടതി ജീവനക്കാരൻ കൂടിയായ കാര്യസ്ഥൻ രവീന്ദ്രൻനായരുടെ നേതൃത്വത്തിലാണ് കൂടത്തിൽ വക വസ്തുക്കൾ പലർക്കായി ഭാഗം ചെയ്യുകയും വിറ്റഴിക്കുകയും ചെയ്തത്. നഗരത്തിൽ നിന്ന് അടുത്തിടെ സ്ഥലം മാറിപ്പോയ ഒരു ഡിവൈ.എസ്.പി ഉൾപ്പെടെ ഉന്നത റവന്യൂ പൊലീസ് ഉദ്യോഗസ്ഥർ,​ രാഷ്ട്രീയ നേതാക്കൾ തുടങ്ങി പല‌ർക്കും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്നാണ് സൂചന.

ജയമാധവൻനായർ മരിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ വിൽപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ ഭാഗം വച്ചതെന്ന് കാര്യസ്ഥനും കൂട്ടാളികളും വെളിപ്പെടുത്തിയിരുന്നെങ്കിലും വിൽപത്രത്തിൽ സാക്ഷിയായ ഒരാൾ ഇത് രവീന്ദ്രൻനായർ തയ്യാറാക്കിയതാണെന്നും തനിക്ക് പണവും പാരിതോഷികങ്ങളും നൽകി സാക്ഷിയായി ഒപ്പിടുവിച്ചതാണെന്നും മൊഴി നൽകിയതോടെയാണ് സ്വത്ത് തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ചതായി ബോദ്ധ്യപ്പെട്ടത്.

എന്നാൽ, ഉന്നത പൊലീസുദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ട കേസിൽ സംശയ നിഴലിലുള്ള രവീന്ദ്രൻനായർ ഹൈക്കോടതിയിൽ നിന്ന് അടുത്തിടെ മുൻകൂർ ജാമ്യം നേടിയിരുന്നു. സ്വത്ത് തട്ടിപ്പ് കേസിൽ രവീന്ദ്രൻനായരുടെ മുൻകൂർ ജാമ്യം പൊലീസിനെതിരെ രൂക്ഷവിമർശനത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയമാധവൻനായരുടെ മരണം അസ്വാഭാവികമാണെന്ന ഫോറൻസിക് പരിശോധനാ ഫലം പുറത്താകുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തിരിക്കുന്നത്.

മയക്കുമരുന്നിടപാടുകാരന് വേണ്ടി സർക്കാർ വസ്തുവിന് വ്യാജ തണ്ടപ്പേർ രേഖകൾ ചമയ്ക്കാൻ റവന്യൂ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിലും ആരോപണ വിധേയനാണ് കൂടത്തിൽ വക പത്ത് സെന്റ് വസ്തു നഗരത്തിലെ കണ്ണായ സ്ഥലത്ത് കൈവശപ്പെടുത്തിയ ഡിവൈ.എസ്.പി. രവീന്ദ്രൻനായരുടെ ഔദാര്യത്തിൽ കോടികളുടെ സ്വത്തുക്കളും വസ്തുവകകളും കൈയ്യാളിയവരാണ് ഒന്നിന് പുറകേ ഒന്നായി ഏഴുപേരുടെ ദുരൂഹമരണങ്ങൾക്കും കോടികളുടെ സ്വത്തുക്കൾ വിറ്റഴിക്കാനും സംശയനിഴലിലുള്ളവർക്ക് പിന്തുണയും പ്രോത്സാഹനവും നൽകിയത്.