ambulance

കൊല്ലം: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ ആശുപത്രി അധികൃതരുടെയും ഗുരുതരമായ അനാസ്ഥയിൽ ജില്ലാ ആശുപത്രിയിൽ 'പൊളിച്ചടുക്കിയത് ഐ.സി.യു ആംബുലൻസ് '. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ഫണ്ടിൽ നിന്ന് പണം അനുവദിച്ച് മൂന്ന് വർഷമായിട്ടും ഐ.സി.യു ആംബുലൻസ് ഇതുവരെ നിരത്തിലിറക്കിയില്ല.

വിമർശനം ഉയർന്നതോടെ വാങ്ങിയ ഉപകരണങ്ങൾ പലതും ഘടിപ്പിക്കാതെ തട്ടിക്കൂട്ട് ആംബുലൻസ് നിരത്തിലിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഫണ്ട് വിനിയോഗിച്ച് മൂന്ന് വർഷം മുൻപ് ബി ഫോർ വാഹനം വാങ്ങി അതിൽ ഐ.സി.യു സംവിധാനങ്ങൾ 18 ലക്ഷം രൂപയ്ക്ക് സജ്ജമാക്കാമായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ രണ്ടുവർഷത്തോളം അനങ്ങിയില്ല. ഫണ്ട് വിനിയോഗത്തിന്റെ അവലോകന യോഗത്തിൽ എം.പി ഇക്കാര്യം നിരന്തരം ഉന്നയിച്ചതോടെയാണ് ഉദ്യോഗസ്ഥർ ഉണർന്നത്. അപ്പോഴേക്കും ബി.ഫോർ വാഹനങ്ങൾ നിരോധിച്ചു.

പിന്നീടുള്ള ബി. സിക്സ് വാഹനം വാങ്ങാൻ തന്നെ 16 ലക്ഷം രൂപ വേണ്ടിവന്നു. അങ്ങനെ രണ്ട് ഘട്ടങ്ങളായി 19.68 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ മൂന്നര ലക്ഷം രൂപ ഐ.സി.യു ഉപകരണങ്ങൾ വാങ്ങാനായിരുന്നു. എന്നിട്ടും ഐ.സി.യു സ്വപ്നം നടക്കാത്ത അവസ്ഥയാണ്. മൂന്നരലക്ഷം രൂപയുടെ ഉപകരണങ്ങൾ ഘടിപ്പിക്കാൻ വീണ്ടും നാലേകാൽ ലക്ഷം രൂപ കൂടി എം.പി ഫണ്ടിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ വാങ്ങിയ ഉപകരണങ്ങളിൽ പലതും ഘടിപ്പിക്കാതെ സാധാരണ ആംബുലൻസ് നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ആശുപത്രി അധികൃതർ.

 അടിയന്തര പ്രാധാന്യം

എം.എൽ.എ ഫണ്ടിൽ നിന്ന് അടുത്തിടെ അനുവദിച്ചതടക്കം ജില്ലാ ആശുപത്രിയിൽ നിലവിൽ നാല് സാധാരണ ആംബുലൻസുകളുണ്ട്. അത്യാസന്ന നിലയിലുള്ളവരെ കൊണ്ടുപോകാൻ ഐ.സി.യു ആംബുലൻസായിരുന്നു അത്യാവശ്യം. സ്വകാര്യ ഐ.സി.യു ആംബുലൻസുകൾ ജില്ലാ ആശുപത്രിയിൽ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് രോഗികളെ കൊണ്ടുപോകാൻ പോലും എണ്ണായിരം രൂപയാണ് വാങ്ങുന്നത്.

 ഐ.സി.യു ആംബുലൻസ്

ഫണ്ട് അനുവദിച്ചിട്ട്: 3 വർഷം

ബി ഫോർ വാഹന ചെലവ്: 18 ലക്ഷം (ഉപകരണങ്ങൾ ഉൾപ്പെടെ)

ബി. സിക്സ് വാഹനത്തിന് മാത്രം: 16 ലക്ഷം

ഐ.സി.യു ഉപകരണങ്ങൾ: 3.68 ലക്ഷം

ഉപകരണങ്ങൾ ഘടിപ്പിക്കാൻ ആവശ്യപ്പെട്ടത്: 4.25 ലക്ഷം

''

ഗുരുതരമായ വീഴ്ചയാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചോദിച്ചപ്പോഴെല്ലാം ആവശ്യമുള്ള പണം നൽകിയിട്ടും ചില ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുകയാണ്. എം.പിയുടെ പ്രവർത്തനങ്ങളെ എങ്ങനെ മുടക്കാമെന്ന് ചിലർ ഗവേഷണം നടത്തുന്നു. ഇത് കാരണം ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യമാണ് നഷ്ടമാകുന്നത്.

എൻ.കെ. പ്രേമചന്ദ്രൻ എം.പി