servey

 സ്വകാര്യ വിവരങ്ങളും തേടുന്നു

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുന്ന മുന്നണികളേതെന്ന് കണ്ടെത്തുന്നതിന് എക്സിറ്റ് പോൾ മാതൃകയിൽ സർവേ നടത്തുന്നതിനെന്ന പേരിൽ വീടുകളിൽ കയറിയിറങ്ങി വിവരശേഖരണം നടത്തുന്നു. ചില ടി.വി ചാനലുകൾക്ക് വേണ്ടിയാണെന്ന് പ്രചാരണം.

പ്രാദേശികമായി യുവതീ - യുവാക്കളെ തിരഞ്ഞെടുത്താണ് വിവരശേഖരണത്തിന് നിയോഗിച്ചിരിക്കുന്നത്. അവരവരുടെ തദ്ദേശപരിധിയിൽ ഇവർക്ക് സർവേ നടത്താനുള്ള അനുമതിയില്ലത്രേ. കൊവിഡ് വ്യാപനത്തെ തുടർന്ന് വീടുകൾ കയറിയിറങ്ങിയുള്ള കച്ചവടത്തിന് വരെ നിയന്ത്രമുള്ളപ്പോഴാണ് ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത്. ജില്ലയിൽ പലയിടത്തും ഇത്തരത്തിലുള്ള വിവരശേഖരണം നടക്കുന്നുണ്ട്.

 എതിർത്താൽ പടിയിറങ്ങും

സമ്മതിദാനാവകാശം സ്വകാര്യതയാണെന്നിരിക്കെ തങ്ങൾ ആർക്കാണ് വോട്ടുചെയ്യുന്നതെന്നും എന്തുകൊണ്ടാണ് അവർക്ക് വോട്ട് നൽകുന്നതെന്നും ചോദിച്ചറിയുന്നുണ്ട്. പേരും മേൽവിലാസവും ഫോൺ നമ്പരുമൊക്കെ രേഖപ്പെടുത്തിയ ശേഷമാണ് ഇത്തരം കാര്യങ്ങൾ തിരക്കുന്നത്. എതിർപ്പ് പ്രകടിപ്പിക്കുന്നവരിൽ നിന്ന് വിവരശേഖരണം നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

 ആർക്കുവേണ്ടി സർവേ?

1. രാജ്യത്തെ ചില ദേശീയ മാദ്ധ്യമങ്ങൾക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സർവേ

2. മുംബയ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണെന്നാണ് വീടുകളിലെത്തുന്നവർ പറയുന്നത്

3. വിവരശേഖരണത്തിന് എത്തുന്നവർക്ക് ഈ കമ്പനിയെ കുറിച്ച് ധാരണയില്ല

4. പ്രതിദിനം അഞ്ഞൂറ് രൂപയാണ് സർവേയ്ക്ക് പ്രതിഫലമായി നൽകുന്നത്

5. ഒരുദിവസം കുറഞ്ഞത് 25 വീടുകളിലെങ്കിലും വിവരശേഖരണം നടത്തിയിരിക്കണം

6. മാർച്ച് പകുതിവരെയെ ജോലിയുണ്ടാവുകയുള്ളൂ

''

പരിചയമില്ലാത്തവരുമായി ഫോണിലൂടെ പോലും സ്വകാര്യവിവരങ്ങൾ പങ്കുവയ്ക്കരുത്. സമ്മതിദാനാവകാശം ഓരോരുത്തരുടെയും സ്വകാര്യതയാണ്. പരിചയമില്ലാത്തവരെ വീടിന്റെ ചുറ്റുമതിലിനുള്ളിൽ കയറ്റുകയോ അടുത്തുനിന്ന് സംസാരിക്കുകയോ ചെയ്യരുത്.

സംസ്ഥാന പൊലീസ്