 
ഓച്ചിറ: ഇടതു സർക്കാർ മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ അഞ്ച് വർഷമായി ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കൻ കമ്പനിയുമായുള്ള കരാറെന്നും കോൺഗ്രസ് നേതാവ് സി.ആർ. മഹേഷ് പറഞ്ഞു. കോൺഗ്രസ് ആലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചെറിയഴീക്കൽ മത്സ്യഭവൻ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തണൽ പദ്ധതി, ഭവന പദ്ധതി, മെയിന്റനൻസ് പദ്ധതി, ടോയ്ലറ്റ് പദ്ധതി, മണ്ണെണ്ണ സബ്സിഡി എന്നിവ നിറുത്തലാക്കുകയും യാനങ്ങളുടെ ലൈസൻസ് ഫീസ് കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്ത് മത്സ്യതൊഴിലാളികളെ സർക്കാർ ദ്രോഹിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സജിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ആർ. രാജപ്രിയൻ, യു. ഉല്ലാസ്, ടി. ഷൈമ, സരിത ജനകൻ, വിജയൻ, കൈലാസം സുനിൽ തുടങ്ങിയവർ സംസാരിച്ചു.