
കൊല്ലം: കേന്ദ്ര റെയിൽ മന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത കൊല്ലം, കുണ്ടറ റയിൽവേ സ്റ്റേഷനുകളിലെ ഫുട് ഓവർ ബ്രിഡ്ജ് എൻ.കെ. പ്രേമചന്ദ്രൻ എം.പി സന്ദർശിച്ചു. കൊല്ലം റയിൽവേ സ്റ്റേഷനിലെ പുതിയ ഫുട് ഓവർ ബ്രിഡ്ജിനോട് ചേർന്ന് രണ്ട് ലിഫ്ടുകളും രണ്ട് എസ്കലേറ്ററുകളും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ഇലക്ട്രിക് വിഭാഗം നിർമ്മിച്ച എസ്കലേറ്ററും ലിഫ്റ്റും ഉദ്ഘാടനം ചെയ്തിട്ടില്ല. ഇവയുടെ ഉദ്ഘാടനം അടിയന്തരമായി നിർവഹിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പിയൂഷ് ഗോയലിന് എം.പി കത്ത് നൽകി. കുണ്ടറ റയിൽവേ സ്റ്റേഷനിൽ എക്സപ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കണം. കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
എം.പിയോടൊപ്പം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ഡി.ഡി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ആർ.എസ്.പി നേതാക്കളായ ടി.കെ. സുൽഫി, രത്നകുമാർ, സജി.ഡി. ആനനന്ദ്, പ്രദീപ്കുമാർ, അഷറഫ് എന്നിവരും ഉണ്ടായിരുന്നു.