navas
വെട്ടിയ തോട് പാലം

ശാസ്താംകോട്ട: അനിശ്ചിതത്വത്തിനൊടുവിൽ പടിഞ്ഞാറേ കല്ലട കോതപുരം വെട്ടിയ തോട് പാലം യാഥാർത്ഥ്യത്തിലേക്ക്. പാലം പുതുക്കിപ്പണിയണമെന്നത് കോതപുരം നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. കുത്തനെയുള്ള ഇറക്കത്തിൽ വളവിൽ വീതി കുറഞ്ഞ പാലത്തിലൂടെയുള്ള യാത്ര നാട്ടുകാരെ ഭീതിയിലാക്കുന്നുണ്ട്. കാലപ്പഴക്കത്തിൽ കൈവരികൾ തകർന്നതോടെ താത്കാലികമായി ഇരുമ്പിന്റെ കൈവരികൾ സ്ഥാപിച്ചെങ്കിലും അതും സുരക്ഷിതമല്ലെന്നാണ് യാത്രക്കാർ പറയുന്നത്. സ്കൂൾ ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പാലത്തിന്റെ കോൺക്രീറ്റ് അടർന്നുപോയതിനാൽ കമ്പികൾ തെളിഞ്ഞു കാണുന്ന അവസ്ഥയാണ്.

പാലം നിർമ്മാണത്തിന് 3.27 കോടി

സ്ഥലം ഏറ്റെടുടുപ്പിന് 2.16 കോടി

വെട്ടിയ തോട് പാലം പുനർനിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നത് വലിയ പ്രതിസന്ധിയായിരുന്നു. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ കൂടിയ യോഗത്തിൽ സ്ഥലം വിട്ടു നൽകാൻ 12 വ്യക്തികൾ കരാർ ഒപ്പിട്ടു. പാലം നിർമ്മാണത്തിന് 3.27 കോടി രൂപയും സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമായി 2.16 കോടി രൂപയും അനുവദിച്ചു. നടപടികൾ പൂർത്തീകരിച്ച് മാർച്ച് 8 ന് ടെൻഡർ ഓപ്പൺ ചെയ്യും. പാലം നിർമ്മിക്കുന്നതിനായി 16 മാസ കാലയളവാണ് അനുവദിച്ചിട്ടുള്ളത്. പാലം യാഥാർത്ഥ്യമാകുന്നതോടെ കോതപുരം, കണ്ണങ്കാട് മേഖലയിൽ ജനങ്ങളുടെ ദീർഘനാളത്തെ സ്വപ്നമാണ് പൂവണിയുന്നത്.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ

നിരവധി വാഹനങ്ങൾ

വെസ്റ്റ് കല്ലട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ആശ്രയിക്കുന്ന സ്വകാര്യ ബസും പടിഞ്ഞാറേ കല്ലടയിലേക്കുള്ള ഏക കെ.എസ്.ആർ.ടി.സിയും ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. തിരഞ്ഞെടുപ്പു സമയത്ത് കാലങ്ങളായി രാഷ്ട്രീയ പാർട്ടികൾ പാലത്തിന്റെ പേരിൽ വോട്ടുപിടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വെട്ടിയതോട് പാലം പുനർ നിർമ്മിക്കുമെന്ന എം.എൽ.എയുടെ പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാലം നിർമ്മാണം ഇനിയും വൈകുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കും

പി. പ്രശാന്ത്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ