ഐകകണ്ഠ്യേന പാസായതായി മേയർ
വിയോജിപ്പുണ്ടെന്ന് യു.ഡി.എഫും ബി.ജെ.പിയും
കൊല്ലം: നഗരസഭയുടെ ഈ വർഷത്തെ പുതുക്കിയ ബഡ്ജറ്റും 2021-22 വർഷത്തെ മതിപ്പ് ബഡ്ജറ്റിനും മേലുള്ള ചർച്ചയിൽ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് പ്രാധാന്യം നൽകി കൗൺസിലർമാർ. യു.ഡി.എഫ് പ്രതിനിധികൾ തങ്ങളുടെ ഭാഗം ന്യായീകരിച്ച് സംസാരിച്ചപ്പോൾ പ്രതിരോധം തീർത്ത് ഭരണമുന്നണി അംഗങ്ങൾ എഴുന്നേറ്റുനിന്നപ്പോൾ രാഷ്ട്രീയചർച്ചകൾ മാത്രമായി കൗൺസിൽ യോഗം മാറി.
ആറര മണിക്കൂർ നീണ്ട ചർച്ചയിൽ ഇരുപത്തിയഞ്ച് അംഗങ്ങളാണ് അഭിപ്രായങ്ങൾ പറഞ്ഞത്. ചർച്ചകൾക്കൊടുവിൽ ബഡ്ജറ്റ് ഐകകണ്ഠ്യേന പാസായതായി മേയർ പറഞ്ഞതിനെ എതിർത്ത് യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ രംഗത്ത് വന്നു. തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ബി.ജെ.പി അംഗങ്ങൾ വിയോജനക്കുറിപ്പ് എഴുതി നൽകി. എന്നാൽ തങ്ങളുടെ വിയോജിപ്പ് മിനിട്ട്സിൽ രേഖപ്പെടുത്തിയാൽ മതിയെന്ന നിലപാടിലായിരുന്നു യു.ഡി.എഫ് അംഗങ്ങൾ.
പിന്തുടരുന്നത് സി. കേശവന്റെ മാതൃക: ഡെപ്യൂട്ടി മേയർ
മുൻ മുഖ്യമന്ത്രി സി. കേശവന്റെ മാതൃകയാണ് നഗരസഭ പിന്തുടരുന്നതെന്നും അദ്ദേഹത്തിന്റെ നാട്ടിൽ മാലിന്യപ്രശ്നം ഉണ്ടാകാതിരിക്കാനും സുരക്ഷിതമാക്കാനും നഗരസഭ പ്രതിജ്ഞാബദ്ധമാണെന്നും ഡെപ്യൂട്ടി മേയർ കൊല്ലം മധു പറഞ്ഞു. നഗരത്തിൽ അത്താഴപട്ടിണിക്കാർ ഉണ്ടാകരുത്. സ്വപ്നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതിയുടെ നാട്ടിൽ സ്വപ്നങ്ങൾ പൂവണിയാൻ ഏവരും ഒറ്റക്കെട്ടായി നിൽക്കണം.
പുരോഗമന ആശയത്തിലുള്ള ബഡ്ജറ്റ് എതിർപക്ഷത്തുള്ളവർ പോലും മനസുകൊണ്ട് അംഗീകരിച്ചതാണ്. നമ്മുടെ ചിന്ത, നമ്മുടെ പദ്ധതി എന്ന തരത്തിൽ എല്ലാ അംഗങ്ങളും പദ്ധതി നടത്തിപ്പിൽ ഒറ്റക്കെട്ടായി നിൽക്കണം. തകർന്നുകിടക്കുന്ന റോഡുകളും, കുടിവെള്ളക്ഷാമവും, തെളിയാത്ത തെരുവുവിളക്കുകളും ഇല്ലാത്ത നഗരമാണ് ലക്ഷ്യം. എല്ലാ വീടുകളിലും ബയോബിന്നുകൾ സ്ഥാപിച്ച് ഉറവിട മാലിന്യസംസ്കരണം നടത്തണം. പദ്ധതി നടത്തിപ്പിൽ രാഷ്ട്രീയ വകഭേദങ്ങളുണ്ടാകില്ലെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
പ്രവർത്തന കലണ്ടർ നടപ്പിലാക്കും: മേയർ
പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി പ്രവർത്തന കലണ്ടർ രൂപീകരിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. മൂന്ന് മാസം വീതമുള്ള ഘട്ടങ്ങളായി വിലയിരുത്തലുകളും തുടർനടപടികളുമുണ്ടാകും. 55 ഡിവിഷനുകൾക്കും തുല്യപരിഗണന നൽകുമെങ്കിലും വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ഡിവിഷനുകൾക്ക് മുൻഗണനയുണ്ടാകും. വിമുഖത കാണിക്കുന്നയിടങ്ങളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നും മേയർ പറഞ്ഞു.
ആഞ്ഞടിച്ച് യു. പവിത്ര
പദ്ധതികൾ നടപ്പിലാക്കാൻ ആർജ്ജവമുള്ള ആണ് തന്നെ വേണമെന്ന പ്രതിപക്ഷ ചേരിയിൽ നിന്നുയർന്ന പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ യു. പവിത്ര. കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് യു. പവിത്ര. പെണ്ണിനെ അംഗീകരിക്കാത്ത സമൂഹം ഇന്നുമുണ്ടെന്നുള്ളതിന്റെ തെളിവാണ് ഇത്തരത്തിലുള്ള പരാമർശമെന്ന് കൗൺസിലർ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂടെ ആണും പെണ്ണും ഒപ്പത്തിനൊപ്പമാണെന്നും പുരോഗമനപരമായി ചിന്തിക്കാൻ കഴിയണമെന്നും അവർ ആവശ്യപ്പെട്ടു. വരുംകാലത്ത് ഭിന്നലിംഗക്കാരും ഭരണസാരഥ്യത്തിലേക്കെത്തുമെന്നും പവിത്ര പറഞ്ഞു.