കൊല്ലം: കൊട്ടാരക്കര പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയിൽ വിഭാവനം ചെയ്ത റിംഗ് റോഡിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചു. മെറ്റൽ ഇളകിത്തെറിയ്ക്കുന്ന റോഡിൽ കാൽനട യാത്രപോലും പ്രയാസകരമായതോടെ നാട്ടുകാർ ദുരിതത്തിൽ. കൊട്ടാരക്കര അവണൂർ മുതൽ വല്ലം പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. മാസങ്ങളോളം കുണ്ടുംകുഴിയുമായിക്കിടന്ന റോഡിൽ ദുരിതമേറിയതോടെ വാഴ നട്ടും പ്രതിഷേധിച്ചും നാട്ടുകാർ തങ്ങളുടെ വികാരം പ്രകടമാക്കിയിരുന്നു. ഇതിന് ശേഷം കുഴികൾ അടയ്ക്കുകയും മെറ്റലിംഗ് നടത്തുകയും ചെയ്തു. അതോടെ സ്ഥിതി പഴയതിലും കഷ്ടമായി.
അപകടങ്ങൾ വർദ്ധിക്കുന്നു
മെറ്റലിംഗ് നടത്തി മാസങ്ങൾ പിന്നിട്ടിട്ടും ടാറിംഗ് നടത്തിയില്ല. ഇതോടെ മെറ്റൽ ഇളകിത്തെറിയ്ക്കാൻ തുടങ്ങി. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിലെ വീടുകളിലേക്കുവരെ മെറ്റൽ തെറിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങൾ പലതവണ അപകടത്തിൽപ്പെട്ടു. ഓരോ ദിവസം കഴിയുംതോറും അപകടങ്ങളുടെ എണ്ണം കൂടിവരികയാണ്. ബസ് സർവീസ് ഇല്ലാത്ത ഭാഗമാണ് വല്ലം പ്രദേശം. ഇവിടേക്ക് ഓട്ടം വിളിച്ചാൽ ഇപ്പോൾ ഓട്ടോകൾ വരാറില്ല. അവണൂരിൽ ഇറങ്ങി ഇളകിക്കിടക്കുന്ന മെറ്റലുകളിൽക്കൂടി കിലോ മീറ്ററുകൾ കാൽനട യാത്ര ചെയ്യുകയാണ് ഇവിടുത്തുകാർ. കുത്തനെയുള്ള കയറ്റമായതിനാൽ ബുദ്ധിമുട്ടുകൾ ഏറും. ഇനിയും ടാറിംഗ് നടത്താൻ അധികൃതർ തയ്യാറാകാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. റോഡ് നിർമ്മാണം നിലച്ചതോടെ മെറ്റലുകൾ ഇളകിത്തെറിയ്ക്കുന്നത് മാത്രമല്ല, പൊടിശല്യവും രൂക്ഷമാണ്. സമീപത്തെ വീടുകൾക്കുള്ളിൽ പോലും കഴിയാൻ വയ്യാത്ത സ്ഥിതിയാണ്. പൊള്ളുന്ന ചൂടിനൊപ്പം പൊടിശല്യം രൂക്ഷമായതോടെ നാട്ടുകാർ തീർത്തും സഹികെട്ടിരിക്കയാണ്.
ഒന്നാം ഘട്ടം 18 കോടി
കൊട്ടാരക്കര പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാനെന്ന നിലയിലാണ് റിംഗ് റോഡ് എന്ന ആശയം ഉദിച്ചത്. 18 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് ഇതിനായി അനുവദിച്ചത്. നെടുവത്തൂർ താമരശേരി ജംഗ്ഷനിൽ നിന്നും തുടങ്ങി വല്ലം, അവണൂർ, ആലഞ്ചേരി, മൈലം വഴി എം.സി റോഡിലും അവിടെ നിന്നും കിഴക്കേ തെരുവിൽ ദേശീയ പാതയിലെത്തുന്ന വിധമാണ് റിംഗ് റോഡിന്റെ ആദ്യഘട്ടം വിഭാവനം ചെയ്തത്. 21 കിലോമീറ്ററാണ് നീളം. 2018ൽ ആണ് മന്ത്രി ജി.സുധാകരൻ നിർമ്മാണോദ്ഘാടനം നടത്തിയത്. നെടുവത്തൂർ, മൈലം ഗ്രാമപഞ്ചായത്തുകളെയും കൊട്ടാരക്കര നഗരസഭയെയും ബന്ധിപ്പിച്ചുകൊണ്ടാണ് റോഡ് കടന്നുപോകുന്നത്.
ഇന്ന് ഉത്സവം, ദുരിതങ്ങൾക്കിടയിൽ
വല്ലം ദേവീക്ഷേത്രത്തിൽ തിരു ഉത്സവം ഇന്ന് നടക്കുകയാണ്. കെട്ടുകാഴ്ചയുൾപ്പടെ വലിയ പരിപാടികൾ ഒഴിവാക്കിയെങ്കിലും ഭക്തർ ക്ഷേത്രത്തിലേക്ക് എത്തും. തകർന്ന റോഡിൽ പൊടിശല്യവും കൂടിയതിനാൽ ഉത്സവത്തിരക്കിലേക്ക് എത്തുന്നവരെല്ലാം കൂടുതൽ ദുരിതത്തിലാകും.