
കൊല്ലം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവ് വിളക്കുകൾ പൂർണമായും എൽ.ഇ.ഡിയിലേക്ക് മാറുന്ന നിലാവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കരുനാഗപ്പള്ളി ഗവ. ബോയ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷനായി. മന്ത്രി എം.എം.മണി മുഖ്യാതിഥിയായി.
കിഫ്ബി ഫണ്ടിനൊപ്പം മുനിസിപ്പൽ ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുന്നത് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലാണ്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും 500 തെരുവ് വിളക്കുകൾ അടങ്ങുന്ന ഒന്നോ അതിലധികമോ പാക്കേജുകൾ തിരഞ്ഞെടുക്കാം. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി അഞ്ചാമത്തെ പാക്കേജാണ് തിരഞ്ഞെടുത്തത്. ഇതിൽ 18 വാട്ടിന്റെ 1200 ഉം 35 വാട്ടിന്റെ 800 ഉം എൽ.ഇ.ഡി ബൾബുകളാണ് സ്ഥാപിക്കുക. നിലവിൽ നാല് വാർഡുകളിലായി 156 ബൾബുകൾ സ്ഥാപിച്ചു.
ആർ. രാമചന്ദ്രൻ എം.എൽ.എ നിലവിളക്ക് തെളിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുനിമോൾ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വൈദ്യുതി വകുപ്പ് ജീവനക്കാർ, വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി ചെലവ്: 289.82 കോടി
നടപ്പാക്കുന്ന പഞ്ചായത്തുകൾ: 652
നഗരസഭകൾ: 48
''
ഊർജ്ജ ഉപയോഗവും പരിസ്ഥിതി ആഘാതവും കുറയ്ക്കുകയാണ് ലക്ഷ്യം. വേഗത്തിൽ പദ്ധതി പൂർത്തീകരിക്കും.
പിണറായി വിജയൻ
മുഖ്യമന്ത്രി