
നിറച്ചുണ്ണാൻ നാടാകെ ജനകീയ ഹോട്ടലുകൾ
കൊല്ലം: 20 രൂപയ്ക്ക് ഊണ് കഴിക്കാൻ ഓട്ടോ പിടിച്ച് കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ തേടിപ്പോകേണ്ട സ്ഥിതിക്ക് വൈകാതെ വിരാമമാകും. പഞ്ചായത്തുകളിൽ ഒന്നിലധികവും നഗരസഭകളിൽ പത്ത് വാർഡുകളിൽ ഓരോ ജനകീയ ഹോട്ടലും തുടങ്ങാൻ സർക്കാർ അനുമതി നൽകി.
ജനകീയ ഹോട്ടൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയുള്ള മാർഗരേഖകളിൽ ഒരു തദ്ദേശസ്ഥാപന പരിധിയിൽ ഒന്നിലധികം ആരംഭിക്കുന്നതിന് തടസമില്ലായിരുന്നു. എന്നാൽ ഒന്നിലധികം ആരംഭിക്കുന്നതിനെ കുറിച്ച് സൂചിപ്പിക്കാത്തത് അവ്യക്തത സൃഷ്ടിച്ചിരുന്നു. ഈ അവ്യക്തതയാണ് പുതിയ സർക്കാർ ഉത്തരവിലൂടെ പരിഹരിക്കപ്പെട്ടത്.
ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക, വൈദ്യുതി ചാർജ്, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള പണം നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിന് പുറമേ നഗരസഭ 30,000 രൂപയും പഞ്ചായത്ത് പ്രദേശങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് 20,000 രൂപ വരെയും ജില്ലാ പഞ്ചായത്ത് 10,000 രൂപ വരെയും റിവേൾവിംഗ് ഫണ്ട് നൽകണം.
വ്യക്തമായ സർക്കാർ ഉത്തരവ് ഇല്ലാത്തതിനാൽ ഒന്നിലധികം ജനകീയ ഹോട്ടലുകൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കാൻ പല തദ്ദേശ സ്ഥാപനങ്ങളും മടിച്ചിരുന്നു. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ജനകീയ ഹോട്ടലുകൾക്ക് പിന്തുണ നൽകാം. ഇതോടെ കൂടുതലാളുകൾക്ക് കുറഞ്ഞ നിരക്കിൽ ഉച്ചഭക്ഷണം ലഭിക്കും.
ജില്ലയിലാകെ 73
ജില്ലയിൽ 73 ജനകീയ ഹോട്ടലുകളാണ് നിലവിലുള്ളത്. ഇതിൽ നാലെണ്ണം പതിവായി പ്രവർത്തിക്കുന്നവയല്ല. വെളിനല്ലൂർ പഞ്ചായത്തിൽ രണ്ടെണ്ണമുണ്ട്. ബാക്കി എല്ലാ പഞ്ചായത്തുകളിലും ഓരോന്ന് വീതമാണുള്ളത്.
ഹോട്ടൽ ഇല്ലാത്ത പഞ്ചായത്തുകൾ
തെന്മല ഇട്ടിവ കുമ്മിൾ പനയം പൂയപ്പള്ളി കൊറ്റങ്കര ഇളമ്പള്ളൂർ പട്ടാഴി പട്ടാഴി നോർത്ത് ആലപ്പാട് വെട്ടിക്കവല
കൊല്ലം നഗരസഭ വാർഡുകൾ: 55
നിലവിലുള്ള ജനകീയ ഹോട്ടലുകൾ: 06
പൂനലൂർ: 03
കൊട്ടാരക്കര: 01
പരവൂർ: 01
കരുനാഗപ്പള്ളി: 01
''
പരിഷ്കരിച്ച പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ജനകീയ ഹോട്ടലുകൾ തുടങ്ങാനാകും. ഇതോടെ കുറഞ്ഞ നിരക്കിൽ കൂടുതൽ പേർക്ക് ഭക്ഷണം ലഭിക്കും.
എ.ജി. സന്തോഷ്
കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ