ഇന്ന് ആലോചന യോഗം
പുനലൂർ: തെന്മല 13കണ്ണറ പാലം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ ആസ്വാദനത്തിന് തടസം സൃഷ്ടിച്ച് റെയിൽവേ. സഞ്ചാരികൾ ഇറങ്ങുകയും വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്നിടത്ത് കമ്പികുഴിച്ചിട്ടാണ് റെയിൽവേ അധികൃതർ തടസം സൃഷ്ടിച്ചിരിക്കുന്നത്.കഴിഞ്ഞ ആഴ്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ പാത സന്ദർശനത്തിന് ശേഷമാണ് ഈ നടപടി.
പൈതൃകം നില നിറുത്തണം
പശ്ചിമഘട്ട മലനിരകളോടുചേർന്ന് ബ്രിട്ടീഷ് നിർമ്മിതിയിൽ കവാടത്തിന്റെ മാതൃകയിൽ, രണ്ടുമലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. വിനോദസഞ്ചാരികളെക്കൂടാതെ സിനിമാഷൂട്ടിംഗുകളും വിവാഹ ഷൂട്ടിംഗുകളും നടക്കുന്നയിടമാണിത്. നാല് വർഷം മുമ്പ് പുനലൂർ-ചെങ്കോട്ട മീറ്റർ ഗേജ് പാത ബ്രോഡ്ഗേജ് പാതയാക്കി മാറ്റാനുള്ള പണികൾ നടക്കുന്നതിനിടെ 13കണ്ണറ പാലത്തിന്റെ തനിമ നഷ്ടപ്പെടുത്തി കരിങ്കല്ലിൽ പണിത തൂണുകളിൽ കോൺക്രീറ്റ് വലയം സ്ഥാപിക്കാൻ റെയിൽവേ ശ്രമം നടത്തിയിരുന്നു.എന്നാൽ വിനോദ സഞ്ചാരികളും 13കണ്ണറ പാലം സംരക്ഷണ സമിതിയും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.13കണ്ണറ പാലത്തിന്റെ പൈതൃകം നില നിറുത്തി വേണം ഗേജ് മാറ്റ ജോലികൾ ആരംഭിക്കേണ്ടതെന്ന് ആവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മധുര റെയിൽവേ ഡിവിഷണൽ ഓഫീസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഉപരോധ സമരങ്ങൾ സംഘടിപ്പിക്കുകയും എൻ.കെ.പ്രേമചന്ദ്രൻ എം.പി, കേന്ദ്ര റെയിൽവേ മന്ത്രി തുടങ്ങിയവർക്ക് നിവേദനങ്ങളും നൽകിയിരുന്നു.ഇത് കണക്കിലെടുത്തും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടും കണ്ണറ പാലത്തിന്റെ മനോഹാരിത നില നിറുത്തിയായിരുന്നു നവീകരണ ജോലികൾ പൂർത്തിയാക്കിയത്.
പ്രതിഷേധം
വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് റെയിൽവേ ഇരുമ്പ് കമ്പികൾ കുഴിച്ചിട്ട് വിലക്ക് ഏർപ്പെടുത്തിയതോടെ സഞ്ചാരികൾ ദുരിതത്തിലായി. ഇതിനെതിരെ എൻ.കെ.പ്രേമചന്ദ്രൻ എം.പിയും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.ഇത് കൂടാതെ വിനോദസഞ്ചാരികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി കൊല്ലം-ചെങ്കോട്ട പൈതൃക റെയിൽവേ സംരക്ഷണ പാസഞ്ചർ ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് തെന്മല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് പാസഞ്ചർ ഫോറം പ്രസിഡന്റ് ഏ.ടി.ഫിലിപ്പ് അറിയിച്ചു.