 
 നിരത്തിലിറങ്ങിയത് 23 ബസുകൾ
കൊല്ലം: കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടി.ഡി.എഫിന്റെയും കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെയും നേതൃത്വത്തിൽ നടന്ന പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. ജില്ലയിൽ 270 സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നത്. ഇതിൽ 23 എണ്ണം മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്.
പണിമുടക്ക് സർക്കാർ ഓഫീസുകളിലെ ഹാജർനിലവാരത്തെയും ബാധിച്ചു. നിരത്തിലിറങ്ങിയ സ്വകാര്യ ബസുകളിൽ വൻതിരക്കായിരുന്നു. ബസ് സ്റ്റോപ്പുകളിലും വലിയ ആൾക്കൂട്ടമായിരുന്നു. ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ പല ഡിപ്പോകളിലും വാക്കേറ്റമുണ്ടായി. ഇന്നലെ കൊല്ലം ഡിപ്പോയിൽ നിന്നാണ് കൂടുതൽ സർവീസ് നടത്തിയത്. ശരാശരി 60 സർവീസ് നടത്തിയിരുന്ന ഇവിടെ നിന്ന് 11 ബസുകളാണ് ഇന്നലെ നിരത്തിലിറക്കിയത്. ചാത്തന്നൂർ, കൊട്ടാരക്കര, ചടയമംഗലം, കുളത്തൂപ്പുഴ, ആര്യങ്കാവ് ഡിപ്പോകളിൽ നിന്ന് ഒരു സർവീസും നടന്നില്ല. പണിമുടക്കിയ ജീവനക്കാർ ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രകടനവും നടത്തി.