 
 യാത്രികർക്ക് റോഡ് മുറിച്ചുകടക്കുന്നതിനോട് പ്രിയം
കൊല്ലം: ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച നഗരത്തിലെ കാൽനട മേൽപ്പാലങ്ങളോട് മുഖം തിരിച്ച് യാത്രക്കാർ. വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രികർ റോഡ് മുറിച്ചുകടക്കുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കുന്നതിനായി ഹൈസ്‌കൂൾ ജംഗ്‌ഷൻ, ചെമ്മാൻമുക്ക് എന്നിവിടങ്ങളിൽ നഗരസഭ നിർമ്മിച്ച മേൽപ്പാലങ്ങളാണ് യാത്രക്കാർ ഉപയോഗിക്കാതെ നോക്കുകുത്തിയാകുന്നത്.
മേൽപ്പാലം ഒഴിവാക്കി യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനാൽ പോയിന്റ് ഡ്യൂട്ടിയിലുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസഥർക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. മേൽപ്പാലം വരുന്നതിന് മുമ്പ് ട്രാഫിക് വാർഡന്മാരുടെ സേവനം ലഭ്യമായിരുന്നു. ഇപ്പോൾ ഗതാഗത നിയന്ത്രണത്തിനൊപ്പം റോഡ് മുറിച്ചുകടക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ട്രാഫിക് പൊലീസിനാണ്.
ഇരുവശങ്ങളിലുമായുള്ള അറുപതിലധികം പടികൾ കയറിയിറങ്ങുന്ന ബുദ്ധിമുട്ടാണ് മേൽപ്പാലം ഒഴിവാക്കുന്നതിന്റെ കാരണമായി പ്രായമായവർ പറയുന്നത്. എന്നാൽ പാലത്തിലൂടെയുള്ള കാൽനടയാത്ര മൂലമുള്ള സമയനഷ്ടമാണ് വിദ്യാർത്ഥികളും യുവാക്കളും ചൂണ്ടിക്കാട്ടുന്നത്. അക്ഷരാർത്ഥത്തിൽ ലക്ഷങ്ങൾ പാഴാക്കിയ പദ്ധതിയുടെ സ്മാരകമായി നഗരത്തിലെ കാൽനട മേൽപ്പാലങ്ങൾ മാറിയിരിക്കുകയാണ്.
 വിമർശനം തുടക്കം മുതൽ
കാൽനട മേൽപ്പാലങ്ങളുടെ ഉയരക്കൂടുതലുള്ള പടികൾ കയറിയിറങ്ങുന്നത് വയോധികർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പദ്ധതിയുടെ ആരംഭത്തിലേ അഭിപ്രായമുണ്ടായിരുന്നു. കാൽനടക്കാർക്കായി ഇത്തരത്തിൽ പാലം പണിയുന്നത് പ്രയോജനകരമാകില്ലെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിലും അന്ന് അംഗങ്ങൾ ഉന്നയിച്ചിരുന്നു. നിലവിൽ കോൺവെന്റ് ജംഗ്‌ഷനിലെ മേൽപ്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കടപ്പാക്കടയിലും കാൽനട മേൽപ്പാലം നിർമ്മിക്കാൻ പദ്ധതിയുണ്ട്.
 നഗരത്തിലെ കാൽനട മേൽപ്പാലങ്ങൾ
പൂർത്തിയായത്
ചെമ്മാൻമുക്ക് - 79 ലക്ഷം
നീളം: 26 മീറ്റർ, കോൺക്രീറ്റ് പടികൾ
ഹൈസ്‌കൂൾ ജംഗ്‌ഷൻ - 56 ലക്ഷം
നീളം: 22 മീറ്റർ, കോൺക്രീറ്റ് പടികൾ
നിർമ്മാണം ആരംഭിച്ചത്
കോൺവെന്റ് ജംഗ്‌ഷൻ - 66 ലക്ഷം
നീളം: 31 മീറ്റർ, സ്റ്റീൽ പടികൾ