
കരുനാഗപ്പള്ളി: മതതീവ്രവാദത്തെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ എൽ.ഡി.എഫ് എല്ലാ വിശ്വാസികളുമായും കൈകോർക്കുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥാ ക്യാപ്ടനുമായ ബിനോയ് വിശ്വം പറഞ്ഞു. വികസന മുന്നേറ്റ ജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതതീവ്രവാദം മനുഷ്യനും മതത്തിനും ദൈവത്തിനും എതിരാണ്. ഇതിനെതിരെ കേരളത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നത് എൽ.ഡി.എഫാണ്. രാജ്യത്തെ കോൺഗ്രസുകാരെല്ലാം ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. കഴിഞ്ഞ ദിവസം പുതുച്ചേരിയിലും ഇതാണ് കണ്ടത്. ആർ.എസ്.എസിന്റെ ഹിന്ദുസ്നേഹം കാപട്യം നിറഞ്ഞതാണ്. ബി.ജെ.പിയുടെ ഹിന്ദുത്വം ചാതുർവർണ്യത്തിൽ അധിഷ്ഠിതമാണ്.
അഞ്ചുവർഷം കൂടുമ്പോൾ കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന ശീലം ഇപ്പോൾ മാറാൻ പോവുകയാണ്. ശീലങ്ങളും ചട്ടങ്ങളും മാറ്റാൻ കഴിവുള്ളത് ജനങ്ങൾക്ക് മാത്രമാണ്. എൽ.ഡി.എഫ് കൂടുതൽ കർത്താർജ്ജിച്ച് മുന്നോട്ട് പോകും. തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയും കോൺഗ്രസും അവിശുദ്ധമായ കുട്ടുകെട്ടുകൾ പലപ്പോഴും ഉണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് നടത്തിയ ഐശ്വര്യ കേരള യാത്രയിൽ ബി.ജെ.പിക്കെതിരെ ഒരു പരാമർശവും നടത്തിയിട്ടില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജാഥയിലും കോൺഗ്രസിനെതിരെ പരാമർശം ഉണ്ടാകാൻ സാദ്ധ്യതയില്ല.