
കൊല്ലം: പാടത്തും പറമ്പിലും പണിയെടുക്കുന്നവർക്കൊപ്പം മുഷ്ടിചുരുട്ടിയാണ് ബി. രാഘവൻ കുട്ടിക്കാലത്ത് ഈങ്ക്വിലാബ് വിളിച്ചുതുടങ്ങിയത്. വളർന്നപ്പോൾ കർഷക തൊഴിലാളികളുടെ സംസ്ഥാന നേതാവായി, എന്നിട്ടും പാടത്തെ പണിക്കാരുടെ തോളിൽ കൈയിട്ട് നടക്കാനായിരുന്നു താത്പര്യം.
കർഷകത്തൊഴിലാളികളായിരുന്ന കൊട്ടാരക്കര കിഴക്കേക്കര ചാമക്കാല കിഴക്കതിൽ കെ. ഭരതന്റെയും ചക്കിയുടെയും മകനാണ് രാഘവൻ. സഹോദരങ്ങളായ ഗോപാലനും മാധവനും ശിവരാമനും ശാരദയും സരോജിനിയും രവീന്ദ്രനുമൊക്കെയായി രാഘവനും കുട്ടിക്കാലത്തേ പാടത്ത് പണിക്കിറങ്ങുമായിരുന്നു. പഠനശേഷം സഹോദരങ്ങളിൽ മൂന്നുപേർ സർക്കാർ സർവീസിലെത്തി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സമരമുഖങ്ങളിൽ നിറയാനാണ് രാഘവൻ താത്പര്യമെടുത്തത്.
ചുറുചുറുക്കും വാക് സാമർത്ഥ്യവും ചിട്ടയോടെയുള്ള പ്രവർത്തന ശൈലിയുംകൊണ്ട് പട്ടികജാതി വിഭാഗത്തിൽ നിന്ന് കടന്നുവന്ന രാഘവൻ മുൻനിര നേതാക്കളുടെ പ്രിയപ്പെട്ടവനായി. കൊട്ടാരക്കരയിൽ പാർട്ടിയുടെ അടിത്തട്ട് ഉറപ്പിക്കുന്നതിന് സഖാക്കളായ അബ്ദുൾ മജിദും വി.ഷംസുദ്ദീനും രാഘവനും ചേരുന്ന ത്രിമൂർത്തിസംഘം വലിയ പരിശ്രമമാണ് നടത്തിയത്. കൊട്ടാരക്കര ശ്രീകൃഷ്ണ മെറ്റൽസിൽ വച്ച് ആർ.എസ്.എസ് ആക്രമണത്തിൽ അബ്ദുൾ മജീദ് കൊല്ലപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന രാഘവനും കുത്തേറ്റിരുന്നു. വി.ഷംസുദ്ദീൻ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. ആഴ്ചകളോളം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നതും രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായതും. കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന നേതൃനിരയിലേക്ക് രാഘവൻ വളരുകയും പിന്നീട് സംസ്ഥാന പ്രസിഡന്റാവുകയും ചെയ്തു. 1987ൽ നെടുവത്തൂരിൽ നിന്ന് ആദ്യമായി നിയമസഭിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ൽ വിജയം ആവർത്തിച്ചെങ്കിലും മൂന്നാം അങ്കത്തിന് 1996ൽ എഴുകോൺ നാരായണനോട് പരാജയപ്പെട്ടു. 2006ൽ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നെടുവത്തൂർ നിയോജക മണ്ഡലത്തിലെ അവസാന തിരഞ്ഞെടുപ്പായിരുന്നു അത്. പുത്തൂരിൽ പൊലീസ് സ്റ്റേഷൻ അനുവദിപ്പിച്ചതും ഈ കാലയളവിലാണ്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായും എസ്.സി-എസ്.ടി കോർപ്പറേഷൻ ചെയർമാനായും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷററായും സംസ്ഥാന രാഷ്ട്രീയത്തിൽ നേതൃപരമായി ഇടപെട്ടിരുന്നു. സി.പി.എം കൊട്ടാരക്കര, നെടുവത്തൂർ ഏരിയാ കമ്മിറ്റികളിലെ തീരുമാനങ്ങളുടെ അവസാന വാക്കായി രാഘവൻ ഏറെക്കാലമായി മാറിയിരുന്നു. നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും സാധാരണക്കാരന്റെ പ്രയാസങ്ങൾക്കൊപ്പം ചേർന്നുനിന്നതായിരുന്നു രാഘവനെ വ്യത്യസ്തനാക്കിയിരുന്നത്. പാർട്ടിക്കകത്തും പുറത്തും വലിയ സൗഹൃദമുണ്ടാക്കിയെടുക്കുന്നതിനും കശുഅണ്ടി-കർഷക തൊഴിലാളികളുടെ ഇഷ്ടം നേടിയെടുക്കുന്നതിനും രാഘവന് സാധിച്ചിരുന്നു.