 
കൊല്ലം: ഇന്നലെ അന്തരിച്ച മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ബി. രാഘവന് പാർട്ടി പ്രവർത്തകരും നാട്ടുകാരും യാത്രാമൊഴിയേകി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാലും ജില്ലാ സെക്രട്ടറി എസ്. സുദേവനും ചേർന്ന് പാർട്ടി പതാക പുതപ്പിച്ചപ്പോൾ പ്രവർത്തകർ ഈങ്ക്വിലാബ് മുഴക്കി. പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന ബഹുമതിയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സുരക്ഷാ സംവിധാനങ്ങളോടെ വൈകിട്ട് മൂന്നോടെയാണ് മൃതദേഹം കൊട്ടാരക്കര മൈലം താമരക്കുടിക്ക് സമീപത്തെ രാഖിയിൽ എത്തിച്ചത്. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, എം.എൽ.എമാരായ പി. ഐഷാപോറ്റി, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, മറ്റ് നേതാക്കൾ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്ഥാന നേതാക്കളടക്കം തിരുവനന്തപുരത്തെത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അന്ത്യോപചാരമർപ്പിച്ചു.