binoy
എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ വേദിയിലേയ്ക്ക് എത്തുന്ന ജാ​ഥാ​ ​ക്യാ​പ്ട​ൻ ബിനോയ് വിശ്വം

കൊല്ലം: ‘നവകേരള സൃഷ്ടിക്കായ് വീണ്ടും എൽ.ഡി.എഫ്’ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ്‌ വിശ്വം നയിക്കുന്ന എൽ.ഡി.എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ രണ്ടാം പര്യടന ദിവസമായ ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വലമായ സ്വീകരണം നൽകി.

അഡംബരങ്ങളില്ലാതെയായിരുന്നു സ്വീകരണ പരിപാടികൾ. അതുകൊണ്ട് തന്നെ വാദ്യമേളങ്ങളും കലാരൂപങ്ങളും ജാഥയെ എതിരേൽക്കാനുണ്ടായിരുന്നില്ല. പക്ഷെ ആയിരങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ഒഴുകിയെത്തിയത്. സ്വീകരണ വേദിയിൽ നിന്ന് കിലോ മീറ്ററുകൾ അകലെ നിന്നും നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥാ ക്യാപ്ടനെ പ്രവർത്തകർ എതിരേറ്റത്. കൊട്ടാരക്കരയിലാണ് ജില്ലയിലെ ആദ്യ സ്വീകരണം നേരത്തെ നിശ്ചയിച്ചിരുന്നത്.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബി. രാഘവൻ അന്തരിച്ചതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വീകരണം ഉപേക്ഷിച്ചു. അതുകൊണ്ട് തന്നെ ഉച്ചയ്ക്ക് 12ന് ശാസ്താംകോട്ട ഭരണിക്കാവിലായിരുന്നു ഇന്നലത്തെ ആദ്യ സ്വീകരണം. വൈകിട്ട് കരുനാഗപ്പള്ളിയിൽ ആയിരങ്ങൾ അണിനിരന്ന് ജാഥയെ എതിരേറ്റു. തുടർന്ന് ചവറയിലെ സ്വീകരണത്തിന് ശേഷം രാത്രി എട്ടോടെയാണ് ജാഥ കൊല്ലം നഗരത്തിലെത്തിയത്. ഇന്ന് രാവിലെ 11ന് കുണ്ടറയിലാണ് ആദ്യ സ്വീകരണം. 12ന് ചാത്തന്നൂരിലെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. എൽ.ഡി.എഫ് നേതാക്കളായ എം.വി. ഗോവിന്ദൻ, അഡ്വ. പി. വസന്തം, തോമസ് ചാഴികാടൻ എം.പി, സാബുജോർജ്‌, വർക്കല ബി. രവികുമാർ എന്നിവരും ജില്ലയിലെ പ്രമുഖ എൽ.ഡി.എഫ് നേതാക്കളും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.