 
ചവറ : പുരാണ പാരായണക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ധാർമ്മികമല്ലെന്ന് മാതാ അമൃതാനന്ദമയി കൊല്ലം മഠാധിപതി പ്രഭാ അമൃത ചൈതന്യ പറഞ്ഞു. ചവറ എസ്.ജി.കെ ഒാഡിറ്റോറിയത്തിൽ നടന്ന കേരളാ പരബ്രഹ്മ പുരാണ പാരായണ കലാസംഘടനയുടെ ചവറ നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുവർഷമായി പുരാണ പാരായണക്കാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പലരുടെയും വയസ് കൂടുതലായതിനാൽ ക്ഷേമനിധിയിൽ ചേരാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും പാരായണം നടക്കാത്തതിനാൽ പുരാണ പാരായണക്കാർക്ക് 10,000 രൂപ വെച്ച് അടിയന്തര ധനസഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് സുഭാഷ് കലവറ അദ്ധ്യക്ഷത വഹിച്ചു. ശോഭകുമാർ, സൂര്യകല, കോയിവിള രാജേന്ദ്രൻ, പന്മന ഗോപാലകൃഷ്ണൻ, തങ്കച്ചി ലാലു, പള്ളിയാടി ശശിധരൻ, അജിതകമാരി, ഇടതുരുത്ത് ഓമന, അമ്പിളി, പ്രസൂതിക, ചവറ ശ്രീരംഗൻഎന്നിവർ സംസാരിച്ചു.