കൊല്ലം: എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയെ വരവേൽക്കാൻ ആയിരങ്ങളെത്തിയപ്പോൾ നഗരം ചെങ്കടലായി മാറി. നൂറുകണക്കിന് ഇരുക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥാ ക്യാപ്ടൻ ബിനോയ് വിശ്വം എത്തിയപ്പോൾ സ്വീകരണവേദിയായ പീരങ്കി മൈതാനം ഇരമ്പിയാർത്തു.
വൈകിട്ട് മുതൽ തന്നെ കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ നിന്നുള്ള എൽ.ഡി.എഫ് പ്രവർത്തകർ ചെറുപ്രകടനങ്ങളായി സമ്മേളന നഗരിയിലേക്ക് ഒഴുകി എത്തിത്തുടങ്ങി. വാദ്യമേളങ്ങൾക്ക് പകരം മുദ്രാവാക്യങ്ങൾ കൊണ്ട് പാർട്ടി പ്രവർത്തകർ അന്തരീക്ഷത്തെ ആവേശഭരിതമാക്കി.
സംഘപരിവാർ രാഷ്ട്രീയത്തെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിന് മാത്രമേയുള്ളുവെന്ന് സ്വീകരണത്തിന് നന്ദി അറിയിച്ച് ബിനോയ് വിശ്വം പറഞ്ഞു. അഡ്വ. ജി. ലാലു അദ്ധ്യക്ഷത വഹിച്ചു. എക്സ്. ഏണസ്റ്റ് സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്ടനെ കൂടാതെ എം.വി. ഗോവിന്ദൻ, അഡ്വ. പി. വസന്തം തുടങ്ങിയവർ സംസാരിച്ചു.
മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.എൻ. ബാലഗോപാൽ, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, മുല്ലക്കര രത്നാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ, എം.എച്ച്. ഷാരിയർ, എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, മേയർ പ്രസന്ന ഏണസ്റ്റ്, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി തുടങ്ങിയവർ പങ്കെടുത്തു.