എഴുകോൺ: വരുമാനം കുറവാണെന്ന കാരണത്താൽ തരംതാഴ്ത്തൽ നടപടി നേരിടുകയാണ് എഴുകോൺ റെയിൽവേ സ്റ്റേഷൻ. ഹാൾട്ട് സ്റ്റേഷനാക്കാനാണ് സതേൺ റെയിൽവേയുടെ തീരുമാനം. എന്നാൽ
റെയിൽവേയുടെ ഈ ജനദ്രോഹ നടപടിയ്ക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ, വർക്കിംഗ് പ്രസിഡന്റായ സുഹർബാൻ, കൺവീനറായി വിനയൻ ഇടയ്ക്കിടം എന്നിവർ അടങ്ങുന്ന 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുള്ള ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. എം.പി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വരുമാനം കുറവാണെന്ന്
ഗ്രേഡ് സി ( സി.എൻ.സി; ക്ലർക്ക് ഇൻ ചാർജ് ) സ്റ്റേഷനായ എഴുകോണിൽ ഹാൾട്ട് ഏജന്റിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഉടൻ തന്നെ ഹാൾട്ട് ഏജന്റ് ചുമതലയേൽക്കും.ഹാൾട്ട് സ്റ്റേഷനാക്കിയാൽ ഇവിടുത്തെ ക്ലെറിക്കൽ പോസ്റ്റ് ഇല്ലാതാകും. ഏജന്റ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ നിന്നോ കുണ്ടറ സ്റ്റേഷനിൽ നിന്നോ ടിക്കറ്റ് വാങ്ങി ആവശ്യാനുസരണം വിതരണം ചെയ്യണം. അതോടെ ഫാസ്റ്റ് പാസഞ്ചർ, മെയിൽ ട്രെയിനുകൾ ഉൾപ്പടെയുള്ള അതിവേഗ ട്രെയിനുകൾ ഇവിടെ നിറുത്തുകയില്ല.
റിസർവേഷൻ അനുവദിക്കൂ
ദിവസേന സെക്രട്ടേറിയറ്റ് ഉദ്ദ്യോഗസ്ഥരടക്കം നൂറ് കണക്കിന് ട്രെയിൽ യാത്രക്കാരുണ്ട്. എന്നാൽ കൊവിഡ് കാലത്ത് പല ട്രെയിനുകളും നിറുത്തിവയ്ക്കുകയും ടിക്കറ്റ് ഓൺലൈനായി മാത്രം ലഭിക്കുകയും ചെയ്തതോടെ യാത്രക്കാർ കുറഞ്ഞു. അതാണ് ഹാൾട്ടാക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. എഴുകോൺ സ്റ്റേഷനിൽ ടിക്കറ്റ് റിസർവേഷൻ നടപ്പാക്കണമെന്നത് നാട്ടുകാരുടെയും യാത്രകാരുടെയും വർഷങ്ങളായുള്ള ആവശ്യമാണ്.റിസർവേഷൻ സൗകര്യം എർപ്പെടുത്തിയാൽ സ്റ്റേഷൻ വരുമാനം ഗണ്യമായി വർദ്ധിക്കും.എന്നാൽ ഈ ആവശ്യത്തോട് അധികൃതർ മുഖം തിരിച്ചിരിക്കുകയാണ്. .
കൊട്ടാരക്കരയ്ക്കും കുണ്ടറ മുക്കടയ്ക്കും മദ്ധ്യത്തായി സ്ഥിതി ചെയ്യുന്ന എഴുകോൺ റെയിൽവേ സ്റ്റേഷൻ എഴുകോൺ, പുത്തൂർ, ഇരുമ്പനങ്ങാട്, നെടുമൺകാവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്റ്റേഷനാണ്.
റെയിൽവേ വകുപ്പിന് എഴുകോണിൽ സ്വന്തമായി 36 ഏക്കറോളം ഭൂമി ഉണ്ട്. കൊല്ലം ഗുഡ്സ് ഗോഡൗൺ മാറ്റി സ്ഥാപിക്കനോ റെയിൽവേ നഴ്സിംഗ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനൊ ആവിശ്യമായ സ്ഥല സൗകര്യമുണ്ട്. സൗകര്യങ്ങൾ ഉപയോഗിക്കാതെ റെയിൽവേസ്റ്റേഷൻ തരംതാഴ്ത്താനുള്ള നീക്കം അപലപനീയമാണ്.
റെയിൽവേ സ്റ്റേഷൻ പ്രൊട്ടക്ഷൻ ആക്ഷൻ കൗൺസിൽ
ഹാൾട്ടായാൽ ഈ ട്രെയിനുകൾ നഷ്ടം
പുനലൂർ-കന്യാകുമാരി-പുനലൂർ പാസഞ്ചർ
തിരുനെൽവേലി-പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ്
ഗുരുവായൂർ-പുനലൂർ-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ്
മധുര-പുനലൂർ-മധുര എക്സ്പ്രസ്
ഇപ്പോൾ നിറുത്തുന്ന ട്രെയിനുകൾ
മധുര - പുനലൂർ പാസഞ്ചർ, രാവിലെ 9.21
ഗുരുവായൂർ - പുനലൂർ പാസഞ്ചർ, ഉച്ചയ്ക്ക് 1.14
പുനലൂർ - മധുര, വൈകിട്ട് 5.49
പുനലൂർ - ഗുരുവായൂർ, വൈകിട്ട് 6.57.