
കൊല്ലം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിലെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ മാസംതോറും നിശ്ചിത തുക ലഭ്യമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തങ്കശേരിയിൽ ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് നടത്തിയ 'രാഹുൽ ഗാന്ധിയുമായി സംവദിക്കൽ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതിയുമായി സാമ്യമുള്ളതാണിത്. യു.ഡി.എഫ് പ്രകടനപത്രിയിൽ പദ്ധതി ഉൾപ്പെടുത്തും.
മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്രത്തിൽ പ്രത്യേക മന്ത്രാലയം സ്ഥാപിക്കേണ്ടതുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കുന്ന യു.ഡി.എഫ് പ്രകടന പത്രികയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഇടം നൽകുമെന്നും അതിൽ പറയുന്ന കാര്യങ്ങൾ നൂറ് ശതമാനവും നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. മത്സ്യത്തൊഴിലാളുകളുടെ ദുരിതം ഇന്ന് നേരിൽ കണ്ടു. വള്ളം ഓടിക്കാനും സൂക്ഷിക്കാനും ചെലവേറെയാണ്. അപകടം നിറഞ്ഞ ജോലിക്ക് ഇൻഷ്വറൻസ് പോലുമില്ല. സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് പകരം തുടർച്ചയായി ദുരിതക്കടലിൽ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്തർദേശീയ തലത്തിൽ പെട്രോൾ -ഡീസൽ വില കുറയുമ്പോൾ ഇന്ത്യയിൽ മാത്രം വർദ്ധിക്കുന്നു. ഇതിന്റെ നേട്ടം രണ്ടോ മൂന്നോ വ്യവസായികളുടെ കൈയിലേക്കാണ് പോകുന്നതെന്നും രാഹുൽ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പി മാരായ കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, കെ.വി. തോമസ്, ലതികാ സുഭാഷ്, ഷിബു ബേബി ജോൺ, ഷാനിമോൾ ഉസ്മാൻ, എം. ലിജു, പ്രതാപ വർമ്മ തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.