
കൊല്ലം: ചെറുകിട കുഴൽ കിണറുകൾക്ക് (ബോർവെൽ, ട്യൂബ് വെൽ) വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങണമെന്ന നിബന്ധന കേന്ദ്ര സർക്കാർ റദ്ദാക്കി. നഗര, ഗ്രാമീണ മേഖലയിലെ ഗാർഹിക ആവശ്യം, ഗ്രാമീണ കുടിവെള്ള പദ്ധതി, ഗ്രാമ, നഗര മേഖലയിലെ വിവിധ സായുധ സേന സ്ഥാപനങ്ങൾ, കൃഷി, പത്ത് ക്യുബിക് മീറ്ററിൽ താഴെ ജലം ആവശ്യമുള്ള ചെറുകിട സംരംഭങ്ങൾ എന്നിവയെയാണ് അനുമതിയിൽ നിന്ന് ഒഴിവാക്കിയത്.
സംസ്ഥാനത്ത് നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടപ്രകാരം വീട്ടുവളപ്പിൽ കിണർ കുഴിക്കാൻ പോലും പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങണം. കുഴൽ കിണർ കുഴിക്കാൻ ആദ്യം ഭൂഗർഭജലവിഭവ വകുപ്പിന് അപേക്ഷ നൽകണം. അവർ സാദ്ധ്യതാ പഠനം നടത്തിയ ശേഷം നൽകുന്ന റിപ്പോർട്ട് സഹിതം പഞ്ചായത്തിന് അപേക്ഷ നൽകണം. ഈ നിയമങ്ങളാണ് കേന്ദ്ര വിജ്ഞാപനം വന്നതോടെ ഇല്ലാതാകുന്നത്. സംസ്ഥാന സർക്കാർ വൈകാതെ നിലവിലുള്ള ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരമുള്ള മാറ്റങ്ങൾ കൊണ്ടുവരും.
വീട്ടാവശ്യത്തിന് കുഴൽ കിണർ കുഴിക്കാൻ ഒരുങ്ങുന്നവർ നിലവിൽ വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടുകയാണ്. ഭൂഗർഭ ജല വകുപ്പിൽ വർഷങ്ങൾ പഴക്കമുള്ള അപേക്ഷകളിൽ പോലും സാദ്ധ്യതാ പഠന റിപ്പോർട്ട് തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ പലരും അപേക്ഷ നൽകിയ ശേഷം അനുമതി ലഭിക്കും മുൻപേ കുഴൽ കിണർ കുഴിക്കുകയാണ് പതിവ്. എതിർപ്പുമായി അയൽവാസികൾ എത്തുന്നത് പലയിടങ്ങളിലും തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പുതിയ കേന്ദ്ര സർക്കാർ വിജ്ഞാപനത്തോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.
കുഴൽ കിണർ ഏജൻസികൾക്ക് ആശ്വാസം
പല ഏജൻസികളും ലക്ഷക്കണക്കിന് രൂപ വായ്പയെടുത്താണ് കുഴൽ കിണർ നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ വാങ്ങിയത്. കൊവിഡ് വന്നതോടെ മറ്റെല്ലാ മേഖലയെയും പോലെ ഇവരും പ്രതിസന്ധിയിലായി. പുതിയ വിജ്ഞാപനം കുഴൽ കിണർ നിർമ്മാണ ഏജൻസികൾക്ക് വലിയ ആശ്വാസമാണ്.
''
പുതിയ വിജ്ഞാപനത്തെ കുറിച്ച് അറിയാതെ പലരും ഇപ്പോഴും കുഴൽ കിണർ നിർമ്മാണം തടസപ്പെടുത്തുന്നു. പലയിടങ്ങളിലെയും എതിർപ്പിന് പിന്നിൽ വ്യക്തിവിരോധവും രാഷ്ട്രീയവുമാണ്. അതിനിടയിൽ പ്രതിസന്ധിയിലാകുന്നത് കുഴൽ കിണർ നിർമ്മാതാക്കളാണ്.
ടി.വി. അജയൻ
സംസ്ഥാന ജനറൽ സെക്രട്ടറി
റിംഗ് ഓണേഴ്സ് അസോ.