കൊല്ലം: കോളുതേടി ആഴക്കടലിൽ വിരിച്ച വല വലിക്കുന്നതിനിടെ ഒന്നുരണ്ട് തൊഴിലാളികൾ കടലിലേക്കു ചാടി... മീൻ ചാടിപ്പോകാതിരിക്കാൻ വല ഒതുക്കുകയാണെന്ന് പറഞ്ഞതോടെ എല്ലാവരെയും ഞെട്ടിച്ച് രാഹുൽ ഗാന്ധിയും കടലിലേക്കു ചാടി.
മുങ്ങിപ്പൊങ്ങിയ രാഹുൽ നീന്തി വലയുടെ അടുത്തെത്തി. എനിക്കും നീന്തലറിയാമെന്ന് പറഞ്ഞ് അവരിലൊരാളായി 10 മിനിട്ടോളം വലയിൽ പിടിച്ച് കടലിൽ കിടന്നു. ഒടുവിൽ വല കോരിയപ്പോൾ കിട്ടിയത് രണ്ട് നെയ് മത്തി മാത്രം. ഇത്രയേ ഉള്ളോയെന്ന് ചോദിച്ച രാഹുലിനോട് കടലിന്റെ മക്കൾ അവരുടെ നൊമ്പരങ്ങൾ പറഞ്ഞുതുടങ്ങി.
ചൊവ്വാഴ്ച രാത്രി കൊല്ലത്തെത്തിയ രാഹുൽ ഗാന്ധി കടലിൽ പോകണമെന്ന് കോൺഗ്രസ് നേതാക്കളോട് നിർബന്ധം പിടിച്ചതിനെ തുടർന്നാണ് വള്ളങ്ങൾ ഒരുങ്ങിയത്. കൊല്ലം തങ്കം പുരയിടത്തിൽ ബിജു ലോറൻസും 21 മത്സ്യത്തൊഴിലാളികളും ഇന്നലെ പുലർച്ചെ നാലോടെ വാടി കടപ്പുറത്ത് വള്ളങ്ങൾ നങ്കൂരമിട്ട് കാത്തുനിന്നു. അഞ്ചോടെ ടീ ഷർട്ടും പാന്റ്സും ധരിച്ച് രാഹുലെത്തി. എം.പിമാരായ കെ.സി. വേണുഗോപാലും ടി.എൻ. പ്രതാപനും ഒപ്പംകൂടി.
ചെറിയ വള്ളത്തിൽ നിന്ന് രാഹുലിനെയും സംഘത്തെയും 'പൂണ്ടിമാതാ" എന്ന വലിയ വള്ളത്തിലേക്കു തൊഴിലാളികൾ പിടിച്ചുകയറ്റി. തൊഴിലാളികളോട് കുടുംബത്തെക്കുറിച്ചും നിത്യ ജീവിതത്തെപ്പറ്റിയും പ്രതിസന്ധികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. അപ്പോഴേക്കും വള്ളം തീരം വിട്ട് ആറു കിലോമീറ്റർ കടലിനുള്ളിലെത്തിയിരുന്നു. തുടർന്നായിരുന്നു വലവിരിച്ച് മത്സ്യബന്ധനം.
അതിനിടയിൽ മത്സ്യത്തൊഴിലാളി അനൂപ് രാഹുലിനായി പ്രാതലൊരുക്കി. ചൂരക്കറിയും ബ്രഡും. വള്ളത്തിലെ പാചകം കൗതുകത്തോടെ നോക്കിക്കണ്ട രാഹുൽ അവർക്കൊപ്പം ഭക്ഷണം കഴിച്ചു. 7.45 ഓടെ തിരികയെത്തിയ രാഹുൽ വേഗം കുളിച്ച് വസ്ത്രം മാറ്റി വാടി കടപ്പുറത്തെ പ്രത്യേക വേദിയിൽ മത്സ്യത്തൊഴിലാളികളുമായി സംവദിക്കാനെത്തി.