മത്സ്യത്തൊഴിലാളികളോട് സംവദിച്ച് രാഹുൽ ഗാന്ധി
കൊല്ലം: മത്സ്യത്തൊഴിലാളികളോട് സംവദിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കാണാൻ വാടി കടപ്പുറത്തെത്തിയത് ആയിരങ്ങൾ. തങ്കശേരി കടപ്പുറം ത്രിവർണത്തിൽ തീർത്ത കമാനങ്ങളും സ്വാഗത ബോർഡുകളും രാഹുലിന്റെ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയ രാഹുൽ രാവിലെ 8.45 ഓടെയാണ് വേദിയിലെത്തിയത്. രാഹുൽ വരുന്നതിന് മുൻപ് എൻ.കെ. പ്രേമചന്ദ്രൻ എം.പി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമെത്തി. പത്തുമിനിട്ടിനുള്ളിൽ രാഹുൽ ഗാന്ധിയുമെത്തി. തുഴ കൊടുത്താണ് മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തെ സ്വീകരിച്ചത്. വള്ളത്തിലൊരുക്കിയ പ്രധാനവേദിയിൽ കേരളത്തിലെ നേതാക്കൾക്കൊപ്പം അദ്ദേഹം ഇരുന്നു.
പാസ് ലഭിച്ച ആയിരം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കൂടാതെ രാഹുൽ ഗാന്ധിയെ കാണാൻ വീടുകളുടെയും കടകളുടെയും മുകളിൽ നൂറുകണക്കിന് ആളുകൾ സ്ഥാനമുറപ്പിച്ചിരുന്നു. അല്പനേരത്തെ പ്രസംഗത്തിന് ശേഷം മത്സ്യത്തൊഴിലാളികളുമായി രാഹുൽ സംവദിച്ചു. ഇവരുടെ ജീവിതം ഇന്ന് ഞാൻ നേരിട്ട് കണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കം. വളരെ അപകടകരമായ തൊഴിൽ ചെയ്യുന്ന ഇവർക്ക് ഇൻഷ്വറൻസ് പോലുമില്ലാത്ത സ്ഥിതിയാണ്. വല വീശിയപ്പോൾ രണ്ട് മീൻ മാത്രമാണ് കിട്ടിയത്. എത്ര തവണ വലയിട്ടാലാണ് ജീവിക്കാനുള്ള മീൻ കിട്ടുക.
ഉടൻ സദസിൽ നിന്ന് ചോദ്യമെത്തി. ഞങ്ങൾക്കായി അങ്ങ് ആദ്യം ചെയ്യുന്നതെന്തായിരിക്കും.?
കൃഷിയും ജീവിതവും സംരക്ഷിക്കാൻ ഞാൻ കർഷകരുടെ സമരത്തിന് പിന്തുണ നൽകി കൂടെ നിൽക്കുന്നുണ്ട്. കടലാണ് നിങ്ങളുടെ കൃഷിയിടം. ഇവിടെ പരിഹരിക്കപ്പെടാത്ത സങ്കീർണമായ പ്രശ്‌നങ്ങളുണ്ട്. അവ പരിഹരിക്കാൻ മാത്രം ഒരു മന്ത്രാലയം ഡൽഹിയിലുണ്ടാക്കണം. അതിനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തുക. മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ അഞ്ചുശതമാനം നികുതി പിൻവലിക്കണമെന്ന ആവശ്യവുമായി സ്ത്രീ മത്സ്യത്തൊഴിലാളികൾ മുന്നിലേയ്‌ക്കെത്തി.
യു.ഡി.എഫ് പ്രകടനപത്രികയിൽ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിമാത്രം പ്രത്യേക ആവശ്യങ്ങടങ്ങുന്ന ഭാഗങ്ങളുണ്ടാവും. അതിൽ നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തും. അധികാരത്തിലെത്തിയാൽ പറയുന്ന കാര്യങ്ങൾ 100 ശതമാനവും നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾ 11 അടിയന്തര ആവശ്യങ്ങളാണ് എഴുതിനൽകിയത്. ഒരു മണിക്കൂറോളം സംവദിച്ച ശേഷം ഞാൻ നിങ്ങളെ കാണാൻ വീണ്ടും വരുമെന്ന് പറഞ്ഞാണ് രാഹുൽ മടങ്ങിയത്. കനത്ത സുരക്ഷാ വലയം ഭേദിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിലേയ്ക്ക് ഇറങ്ങാൻ അദ്ദേഹം ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.